118 എ: ഹർജികൾ ഇന്നു ഹൈക്കോടതിയിൽ
കൊച്ചി : സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി കൂട്ടിച്ചേർത്ത 118 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ആർ.എസ്.പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ, എ.എ അസീസ് എന്നിവർ നൽകിയ പൊതു താത്പര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിലാണ് ഹർജി.
സമാനമായ ആവശ്യം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഹർജി നൽകിയിട്ടുണ്ട്. ഇൗ ഹർജിയും ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
ശ്രേയ സിംഗാൾ കേസിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമായതിനാൽ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തി റദ്ദാക്കിയ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ആർ.എസ്.പി നേതാക്കളുടെ ഹർജിയിൽ പറയുന്നു. വ്യക്തികളെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ നിർവചനം നൽകിയിട്ടില്ല. ഫലത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ നിലപാടുകൾക്കനുസരിച്ച് നടപടികൾ സ്വീകരിക്കാനിടവരും. ഇതു ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും തുല്യ നീതിക്കുമൊക്കെ എതിരാണെന്ന് ഹർജിയിൽ പറയുന്നു.
ഭേദഗതി സ്വേച്ഛാപരമെന്ന് കെ. സുരേന്ദ്രന്റെ ഹർജി
സർക്കാരുകൾ മാറി വരുന്ന ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നത് ആത്മഹത്യാപരമാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും കെ. സുരേന്ദ്രന്റെ ഹർജിയിൽ പറയുന്നു. നിയമഭേദഗതി സ്വേച്ഛാപരമാണ്. തിരഞ്ഞെടുപ്പിനെ നേരിടാൻ സംസ്ഥാനം തയ്യാറെടുക്കുന്ന ഘട്ടത്തിൽ ഒാരോ സ്ഥാനാർത്ഥിയുടെയും ഗുണദോഷങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ സർക്കാരിന്റെ വീഴ്ചകളും പോരായ്മകളും തുറന്നു പറയേണ്ടിയും വരും. ഇത്തരം ഘട്ടങ്ങളിൽ എതിരാളികളെ നിശബ്ദരാക്കാനാണ് ഭേദഗതിയെന്നും ഹർജിയിൽ ആരോപിക്കുന്നു.