ബിജു രമേശിനെതിരെ നോട്ടീസ് അയയ്ക്കുമെന്ന് ചെന്നിത്തല

Monday 23 November 2020 10:51 PM IST

തിരുവനന്തപുരം: വാർത്താമാദ്ധ്യമങ്ങൾക്ക് മുന്നിൽ തനിക്കും കുടംബത്തിനുമെതിരെ അപകീർത്തികരവും അസത്യജടിലവുമായ പ്രസ്താവനകൾ നടത്തിയ ബാറുടമ ബിജുരമേശിനെതിരെ മാനനഷ്ടത്തിന് നോട്ടീസയയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന വിജിലൻസ് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തി തനിക്ക് പങ്കില്ലന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാനരഹിതവും അസത്യജടിലവും അപകീർത്തികരവുമായ പരാമർശങ്ങൾ ബിജുരമേശ് നടത്തിയത്. ലോകായുക്തയും ഈ കേസ് തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താൻ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തിരുമാനിച്ചത്. സർക്കാരിന്റെ അഴിമതി ജനമദ്ധ്യത്തിൽ തുറന്ന് കാട്ടാനുള്ള വലിയ പോരാട്ടമാണ് ഞാൻ നടത്തുന്നത്. അതിൽ വിറളി പൂണ്ട ചില കേന്ദ്രങ്ങൾ കരിവാരിത്തേയ്ക്കാൻ നടത്തുന്ന ആസൂത്രിതശ്രമമാണ് വ്യാജ ആരോപണങ്ങളിലൂടെ പുറത്ത് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.