പൊലീസ് നിയമ ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് ഡി ജി പി; കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

Tuesday 24 November 2020 2:58 PM IST

തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിയിൽ നടപടി എടുക്കരുതെന്ന നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പരാതി കിട്ടിയാൽ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡി ജി പിയുടെ പുതിയ സർക്കുലറിൽ പറയുന്നത്.

മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുളള പരാതികൾ ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലിൽ നിന്നുളള നിർദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുളളൂവെന്നും ഡി ജി പി സർക്കുലറിലൂടെ നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസ‍ർമാ‍ർ അടക്കമുളളവ‍ർക്കാണ് ഡി ജി പി സ‍ർക്കുലറിലൂടെ നി‍ർദേശം നൽകിയത്.

പാർട്ടിയിലും മുന്നണിയിലും സംസ്ഥാനത്തൊട്ടാകെയും കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സർക്കാർ നിയമഭേദഗതി പിൻവലിച്ചിരുന്നു. നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ചർച്ച ചെയ്‌ ശേഷം തുടർനടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

അതേസമയം, ഗവർണർ ഒപ്പുവച്ച് ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം നിലവിൽവന്നു. 118എ വകുപ്പ് നിലനിൽക്കുന്നതിനാൽ അന്തിമതീരുമാനം വരുന്നതുവരെ ഈ നിയമം അനുസരിച്ച് പരാതിപോലുമില്ലാതെ കേസെടുക്കാൻ കഴിയും. പ്രാബല്യത്തിലുളള നിയമം ഭേദഗതി ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യാതെ താത്ക്കാലികമായി മരവിപ്പിക്കാൻ കഴിയില്ല. ഇതേ തുടർന്നാണ് ഡി ജി പി പ്രത്യേക സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

പൊലീസ് നിയമ ഭേദഗതി പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമം ചോദ്യം ചെയ്‌ത് ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ ആണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്‌കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു. ഹർജികൾ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും