വിവാദ പൊലീസ് നിയമഭേദഗതി പിൻവലിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Tuesday 24 November 2020 4:10 PM IST

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് ഇറക്കും. മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. തീരുമാനം ഗവർണറെ അറിയിക്കും. വിശദമായ ചർച്ചയ്‌ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി.

നിയമഭേദഗതി റദ്ദാക്കി കൊണ്ടുളള റിപീലിംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും. സാധാരണഗതിയിൽ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുളളത്. എന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം മന്ത്രിസഭായോഗം ചേരുകയും വിവാദഭേദ​ഗതി പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

സർക്കാർ പുറത്തിറക്കിയ ഒരു ഓർഡിനൻസ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്. സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുളള പൊലീസ് ആക്‌ട് ഭേദഗതി ദേശീയതലത്തിൽ തന്നെ വിമർശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിൻവലിച്ചത്.

കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണോ സർക്കാർ നടപ്പാക്കിയതെന്ന ചോദ്യമുയർന്നിരുന്നു. പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി അടക്കമുളളവർ നിയമ ഭേദഗതിയെ എതിർത്ത് രംഗത്തെത്തിയിരുന്നു.