സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ട്യൂഷൻ സെന്ററുകൾ, തൊഴിലധിഷ്‌ഠിത പരിശീലന കേന്ദ്രങ്ങൾ തുറക്കാം
Tuesday 24 November 2020 5:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ട്യൂഷൻ സെന്ററുകൾ,കമ്പ്യൂട്ടർ സെന്ററുകൾ,നൃത്തവിദ്യാലയങ്ങൾ, തൊഴിൽ അധിഷ്ടിത പരിശീലന കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ഇവ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് സ്ഥാപന ഉടമകൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. എന്നാൽ വിദ്യാർത്ഥികൾ ആകെ ഹാളിന്റെ 50 ശതമാനം സ്ഥലത്തേ ഉണ്ടാകാവൂ അല്ലെങ്കിൽ പരമാവധി ഉൾക്കൊളളാവുന്നത് 100 പേർ മാത്രം.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പക്ഷെ തുറക്കാൻ അനുമതിയില്ല. തുറക്കുന്ന സ്ഥാപനങ്ങൾ ശാരീരിക അകലം, മാസ്‌ക്,സാനിറ്റൈസർ എന്നിങ്ങനെ കൊവിഡ് സുരക്ഷാ ചട്ടം കർശനമായി പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.