'സര്‍ക്കാര്‍ എന്തുചെയ്തു എന്ന പതിവുചോദ്യം പ്രതിപക്ഷത്തിന് ഉയര്‍ത്താന്‍ കഴിയാത്ത തിരഞ്ഞെടുപ്പാണിത്': സി.പി.എം

Tuesday 24 November 2020 6:21 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികവാര്‍ന്ന വിജയം നേടുമെന്ന് സി.പി.എം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സി.പി.എം വിജയപ്രതീക്ഷ പങ്കുവച്ചത്. സാധാരണ ജനങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് സര്‍ക്കാരിനെ വിലയിരുത്തുക. അതുകൊണ്ട്, സര്‍ക്കാര്‍ എന്തുചെയ്തു എന്ന പതിവുചോദ്യം ഉയരാത്ത തിരഞ്ഞെടുപ്പാണിത്. മലയാളി നിരാശയോടെ നിന്ന കാലത്തെ നിശ്ചയദാര്‍ഢ്യത്തോടെ അഭിമുഖീകരിച്ച സര്‍ക്കാര്‍, പ്രതിസന്ധിയുടെ കാലത്തും നന്മയുടെ വഴിയില്‍ ഒരുപാട് ചെയ്യാനാകുമെന്ന് തെളിയിച്ചുവെന്നും പാർട്ടി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'സാധാരണ ജനങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് സര്‍ക്കാരിനെ വിലയിരുത്തുക. അതുകൊണ്ട്, സര്‍ക്കാര്‍ എന്തുചെയ്തു എന്ന പതിവുചോദ്യം പ്രതിപക്ഷത്തിന് ഉയര്‍ത്താന്‍ കഴിയാത്ത തെരഞ്ഞെടുപ്പാണിത്. മലയാളി നിരാശയോടെനിന്ന കാലത്തെ നിശ്ചയദാര്‍ഢ്യത്തോടെ അഭിമുഖീകരിച്ച സര്‍ക്കാര്‍, പ്രതിസന്ധിയുടെ കാലത്തും നന്മയുടെ വഴിയില്‍ ഒരുപാട് ചെയ്യാനാകുമെന്ന് തെളിയിച്ചു.

പദ്ധതിവിഹിതത്തിന്റെ 25 ശതമാനത്തിലധികം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി. സ്ത്രീ ശാക്തീകരണത്തില്‍ മാതൃകയായി. സര്‍വീസ് പെന്‍ഷന് ചെലവിടുന്നതിന്റെ അടുത്തെത്തുന്ന തുകയാണ് ക്ഷേമപെന്‍ഷനും ചെലവിടുന്നത്. ദുര്‍ബലവിഭാഗങ്ങളെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പ്രയത്നിക്കുന്ന സര്‍ക്കാരിന് ശക്തമായ ജനപിന്തുണയുണ്ട്. സംസ്ഥാനത്ത് തുടര്‍ഭരണം വരണമെന്ന ജനാഭിലാഷം രൂപപ്പെട്ട സന്ദര്‍ഭത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികവാര്‍ന്ന വിജയം നേടുകതന്നെ ചെയ്യും.'