പ്രതിപക്ഷ പ്രതികാര രാഷ്ട്രീയത്തിന് പിന്നിൽ മുഖ്യമന്ത്രി : എം.എം. ഹസൻ

Wednesday 25 November 2020 12:18 AM IST
വലംഞ്ചുഴി കൊരട്ടിമുക്കിലെ കുടുംബ സംഗമത്തിൽ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ സംസാരിക്കുന്നു

പത്തനംതിട്ട: പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയത്തിനു പിന്നില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ തദ്ദേശം 2020 സംവാദം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ പ്രതിദിനം ഉയരുന്ന ആരോപണങ്ങളില്‍ നിന്നു രക്ഷപെടാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വേട്ടയാടല്‍. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ എന്തു കൊണ്ട് കേസെടുക്കാന്‍ തയാറാകുന്നില്ല. ഇത്തരത്തിലുള്ള വേട്ടയാടല്‍ സി.പി.എമ്മിന്റെ അറിവോടെയാണെന്നു കരുതുന്നില്ലെന്നും ഹസന്‍ പറഞ്ഞു. അഴിമതിക്കെതിരെ ഒരു വോട്ട് എന്നതാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന അജണ്ട. അഴിമതികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സിക്കെതിരെ വികസനത്തിന്റെ പേരില്‍ സമരം ചെയ്യാന്‍ സി.പി.എമ്മിന് ഒരു അവകാശവുമില്ലെന്നും ഹസന്‍ പറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തിയത് എജിയാണ്. കിഫ്ബി സര്‍ക്കാരാണെന്നാണ് ഇപ്പോള്‍ ധനമന്ത്രി പറയുന്നത്. സര്‍ക്കാരാണെങ്കില്‍ വിദേശഫണ്ട് ഇടപാടുകളില്‍ പുലര്‍ത്തേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കണം. വിജയസാദ്ധ്യതയും ജനസമ്മതിയുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് മാനദണ്ഡമാക്കിയത്. വിമതന്മാരായി മത്സരരംഗത്തു തുടരുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട പാര്‍ട്ടികള്‍ നടപടിയെടുക്കും. റിബലുകള്‍ ജയിച്ചു വന്നാല്‍ അവര്‍ പാര്‍ട്ടിക്കു പുറത്താണെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ എന്നിവരും ഹസനോടൊപ്പമുണ്ടായിരുന്നു.