പുതിയ ഉയരത്തിൽ ഓഹരി വിപണി

Wednesday 25 November 2020 3:28 AM IST

 സെൻസെക്‌സ് 44,600 പോയിന്റ് ഭേദിച്ചു

 13,000 കടന്ന് നിഫ്‌റ്റി

കൊച്ചി: ആഭ്യന്തര-ആഗോളതലത്തിലെ മികച്ച പിന്തുണയുടെ ബലത്തിൽ ഇന്ത്യൻ ഓഹരി സൂചികകളുടെ റെക്കാഡ് കുതിപ്പ് തുടരുന്നു. സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 44,600 പോയിന്റും നിഫ്‌റ്റി 13,000 പോയിന്റും ഇന്നലെ ഭേദിച്ചു. വ്യാപാരാന്ത്യം 445 പോയിന്റ് നേട്ടവുമായി 44,523ലാണ് സെൻസെക്‌സുള്ളത്. 128 പോയിന്റുയർന്ന് 13,055ലാണ് നിഫ്‌റ്റി.

ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ., ഐ.ടി.സി., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ. അമേരിക്കയിൽ ജോ ബൈഡൻ ഭരണകൂടം അധികാരമേൽക്കാനുള്ള മുന്നൊരുക്കങ്ങൾ, കൊവിഡിന് വാക്‌സിൻ സജ്ജമാകുന്നുവെന്ന സൂചനകൾ എന്നിവയാണ് ഓഹരികളെ തുണയ്ക്കുന്നത്. രൂപ പത്ത് പൈസ ഉയർന്ന് ഡോളറിനെതിരെ 74.01ലും വ്യാപാരം പൂർത്തിയാക്കി; ഇന്നലെ ഒരുവേള മൂല്യം 73.88 വരെ മെച്ചപ്പെട്ടിരുന്നു.

₹1.35 ലക്ഷം കോടി

ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ വർദ്ധന 1.35 ലക്ഷം കോടി. 174.81 ലക്ഷം കോടി രൂപയാണ് ഇപ്പോൾ മൂല്യം. ഈമാസം ഇതുവരെ മൂല്യത്തിൽ ഉയർന്നത് 17.63 ലക്ഷം കോടി രൂപയാണ്.