ഇബ്രാഹിം കുഞ്ഞിന് ഗുരുതര കാൻസർ
മൂവാറ്റുപുഴ : പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതരമായ കാൻസർ രോഗ ബാധിതനാണെന്നും കൂടാതെ ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ ഉണ്ടെന്നും മെഡിക്കൽ ബോർഡ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ടു നൽകി.
തുടർന്ന് ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ വിട്ടുകിട്ടാൻ വിജിലൻസ് നൽകിയ അപേക്ഷയും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ ഇൗ ഘട്ടത്തിൽ കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലെന്ന് വാക്കാൽ പറഞ്ഞ കോടതി എറണാകുളം ജില്ലയിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമോയെന്ന് അറിയിക്കാൻ ഡി.എം.ഒയ്‌ക്ക് നിർദ്ദേശം നൽകി.
നിലവിൽ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത് അപകടകരമാണോ എന്നും ഡി.എം.ഒ ഇന്നു നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കണം. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് ഇബ്രാഹിം കുഞ്ഞിനെ പരിശോധിച്ചു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പ്രമുഖ ഒാങ്കോളജിസ്റ്റായ ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്.
മെഡിക്കൽ റിപ്പോർട്ടിൽ നിന്ന്
ഏപ്രിൽ നാലു മുതൽ നവംബർ 14 വരെ 33 തവണ ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടിയിരുന്നു. അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന കാൻസർ മൂലം രോഗപ്രതിരോധശേഷി നന്നേ കുറവാണ്. കഴുത്തിലെ കശേരുവിന് ബലക്ഷയമുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ കീമോതെറാപ്പി ചെയ്യുന്നുണ്ട്. നവംബർ 19 ന് കീമോ നൽകിയിരുന്നു. ഡിസംബർ മൂന്നിനാണ് അടുത്ത കീമോ. പ്രമേഹത്തിന് ഇൻസുലിൻ ഇൻജംഗ്ഷൻ നൽകുന്നുണ്ട്. അസ്ഥികളുടെ ബലം കുറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. എപ്പോഴും ഡോക്ടർമാരുടെ പരിചരണം അനിവാര്യമായ ഗുരുതരമായ രോഗാവസ്ഥയിലാണ്.