യു.ഡി.എഫ് ചിത്രത്തിലില്ല; മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിൽ: കെ.സുരേന്ദ്രൻ

Wednesday 25 November 2020 12:00 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണെന്നും യു.ഡി.എഫ് ചിത്രത്തിലില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടത്തിയ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന തിരഞ്ഞെടുപ്പാകുമിത്. അഴിമതി പ്രധാന ചർച്ചാവിഷയമാകും. ദേശീയ അന്വേഷണ ഏജൻസികളുടെ വരവോടെയാണ് സ്വർണക്കടത്തടക്കമുള്ള അഴിമതികൾ ഒന്നൊന്നായി പുറത്തുവരുന്നത്. നാലരവർഷം നടന്നത് അഴിമതിയും കൊള്ളയുമാണ്. കേന്ദ്രത്തിൽ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയിൽ നടക്കുന്നത്. കോൺഗ്രസായിരുന്നെങ്കിൽ കേസുകൾ ഒത്തുതീർത്ത് കൊള്ളമുതൽ പങ്കിട്ടെടുത്തേനേ.

കിഫ്ബിയിലൂടെ ആരോപണത്തിൽപ്പെട്ട മന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ട്. മസാലബോണ്ടിൽ നടന്നത് വലിയ അഴിമതിയാണ്. ബാർകോഴക്കേസ് അട്ടിമറിച്ചപ്പോൾ പിണറായിക്ക് എന്തുകിട്ടിയെന്ന് ജനങ്ങൾക്ക് അറിയാൻ താത്പര്യമുണ്ട്.

പരസ്പരം അഴിമതികൾ ഒത്തുതീർപ്പാക്കുന്ന വിചിത്രമായ രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളത്. ബാർക്കോഴക്കേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കി. കേന്ദ്രത്തിലേതുപോലെ കേരളത്തിലും കോൺഗ്രസ് തകർച്ചയിലാണ്. എൽ.ഡി.എഫിനെ എതിർക്കാൻ കെൽപ്പുള്ള പാർട്ടിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ബി. അഭിജിത് സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു.