പരീക്ഷണം വിജയം; കരസേനയ്ക്ക് സൂപ്പർസോണിക് ബ്രഹ്മാസ്ത്രം
ന്യൂഡൽഹി:കരയിലെ ശത്രുലക്ഷ്യങ്ങൾ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷി ആവർത്തിച്ച് തെളിയിച്ചു കൊണ്ട്
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കരസേനാ പതിപ്പ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പരീക്ഷണ റേഞ്ചിൽ രാവിലെ പത്തിനായിരുന്നു പരീക്ഷണം. മിസൈലുകൾ കുത്തനെ കുതിച്ചുയർന്ന ശേഷം ബംഗാൾ ഉൾക്കടലിലെ ലക്ഷ്യത്തിന്റെ മുകളിൽ കൃത്യമായി പതിക്കുകയായിരുന്നു. ബ്രഹ്മോസ് മിസൈലിന്റെ നാവിക, വ്യോമസേനാ പതിപ്പുകൾ ഉപയോഗിച്ചും സമാനമായ പരീക്ഷണങ്ങൾ ഈയാഴ്‌ച തന്നെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നടത്തുമെന്ന് പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു.അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടങ്ങിയ ശേഷം ഇന്ത്യ തുടർച്ചയായി നടത്തുന്ന വിവിധ മിസൈൽ പരീക്ഷണങ്ങളുടെ ഭാഗമാണിത്. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയ്‌ക്ക് മുന്നറിയിപ്പായി ഇതിനകം തന്നെ ഇന്ത്യ ബ്രഹമോസ് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്.
ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗത
ഉപയോഗിച്ചത് 290 കിലോമീറ്റർ പ്രഹരപരിധിയുമുള്ള മിസൈൽ
നടത്തിയത്. ശത്രുലക്ഷ്യങ്ങളെ മുകളിൽ നിന്ന് ആക്രമിക്കുന്ന പരീക്ഷണം
വരുന്നു വമ്പന്മാർ
ഇന്ത്യ - റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ 450 കിലോമീറ്റർ പ്രഹരപരിധിയുള്ള പതിപ്പും താമസിയാതെ സേനയുടെ ഭാഗമാകും.
കൂടാതെ 800 കിലോമീറ്റർ റേഞ്ചുള്ള ബ്രഹ്മോസും ഇരു രാജ്യങ്ങളും ചേർന്ന് വികസിപ്പിച്ചു വരികയാണ്.