ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണം; സർക്കാരിന് ദേവസ്വം ബോർഡിന്റെ കത്ത്

Wednesday 25 November 2020 12:00 AM IST

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിന ഭക്തജനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകി. മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 1000 ഭക്തരെ പ്രവേശിപ്പിക്കുമെന്നാണ് തീരുമാനമെങ്കിലും അത്ര പോലും ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്ത പലരും വരാതിരിക്കുമ്പോഴും അയൽസംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ ദർശനത്തിന് അനുമതി തേടി ബോർഡിനെ സമീപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിദിന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെടുന്നത്.

അതേസമയം, സാമൂഹിക അകലം പാലിച്ച് ശബരിമലയിൽ പ്രതിദിനം പതിനായിരം പേർക്ക് ദർശനം നൽകാൻ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

സാധാരണ മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിന വരുമാനമായി കോടികളാണ് ലഭിക്കുന്നത്. ഇത്തവണ ദിവസം പരമാവധി 10 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവാതെ ഈ സാഹചര്യം മാറില്ല. അതിനാലാണ് സർക്കാരിന് കത്ത് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.