'ഇന്ദിരാഗാന്ധി തോറ്റെടാ...'
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് ഞാൻ ആദ്യമായി വോട്ടു ചെയ്യുന്നത്. വള്ളിക്കീഴ് നോർത്ത് യു.പി.എസിലായിരുന്നു വോട്ടു ചെയ്യേണ്ടത്. ശ്രീകണ്ഠൻ നായരായിരുന്നു അന്ന് ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്ന മുന്നണിയിൽ മത്സരിച്ചത്. എതിർ സ്ഥാനാർത്ഥി എൻ. രാജഗോപാലും. എനിക്കാഗ്രഹം ഇന്ദിരാഗാന്ധിക്കെതിരെ റായ്ബറേലിയിൽ പോയി വോട്ടു ചെയ്യാനായിരുന്നു. അത് സാധിക്കാത്തതുകൊണ്ട് ആ എതിർപ്പ് കൊല്ലം മണ്ഡലത്തിൽ കാണിച്ചു. ഫലം വന്നപ്പോൾ ഞാൻ വോട്ടു ചെയ്ത സ്ഥാനാർത്ഥി തോറ്റു. പക്ഷേ എന്നെ ആഹ്ളാദിപ്പിച്ച വാർത്ത രാത്രി വൈകി റേഡിയോയിൽ കേട്ടു- ഇന്ദിരാഗാന്ധി തോറ്റു. അതിന്റെ സന്തോഷത്തിൽ പിന്നെ ഉറങ്ങിയില്ല. അതിരാവിലെ എണീറ്റ് സുഹൃത്ത് സഹദേവന്റെ വീട്ടിലെത്തി പറഞ്ഞു 'സഹദേവാ ഇന്ദിരാഗാന്ധി തോറ്റെടാ...''.