പട്ടയഭൂമിയിലെ നിർമ്മാണം: രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

Thursday 26 November 2020 12:00 AM IST

തിരുവനന്തപുരം: പട്ടയഭൂമിയിലെ നിയന്ത്രണം സംസ്ഥാന വ്യാപകമായേ നടപ്പാക്കാൻ കഴിയൂ എന്ന ഹൈക്കോടതി വിധിയെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ എന്തു നടപടി സ്വീകരിക്കാമെന്ന് നിർദ്ദേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ‌ഡോ.എ. ജയതിലകിനെ ചുമതലപ്പെടുത്തി.

മുഖ്യമന്ത്രി ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു തീരുമാനം. നിയമ, റവന്യൂ, തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു. അതേസമയം, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുത്തില്ല.

നിയമഭേദഗതി വരുത്താൻ കഴിയുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. ഇല്ലെങ്കിൽ മറ്രെന്ത് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നു നിർദ്ദേശിക്കണം. ഹൈക്കോടതി ഉത്തരവിന്റെ പ്രത്യാഘാതങ്ങൾ എത്രത്തോളമുണ്ടാവുമെന്നും അറിയിക്കണം.

2019ലാണ് ഭൂപതിവ് ചട്ടത്തിലെ നിബന്ധനകൾ ഇടുക്കിയിലെ എട്ടു വില്ലേജുകളിൽ മാത്രം കർശനമാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ നൽകിയ ഹർ‌ജിയിലാണ് ചട്ടം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇടുക്കിയിലാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടുതലുള്ളതെന്നാണ് സർക്കാർ നിലപാട്.

കൃഷിക്കും അനുബന്ധപ്രവർത്തനങ്ങൾക്കും വീടു നിർമ്മാണത്തിനും മാത്രമേ പട്ടയഭൂമി ഉപയോഗിക്കാവൂ എന്നാണ് ഇടുക്കിയിൽ സർക്കാർ നിബന്ധന വച്ചത്. ഇത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയാൽ ലക്ഷക്കണക്കിന് പേരെ പ്രതികൂലമായി ബാധിക്കും. 1971ന് ശേഷം പട്ടയം ലഭിച്ച സ്ഥലങ്ങളിൽ നടന്ന വീടുകളല്ലാത്ത എല്ലാ നിർമ്മാണങ്ങളും നിയമവിരുദ്ധമാകും. നേരത്തെ ഗാഡ്ഗിൽ നിർദ്ദേശങ്ങളെ സി.പി.ഐ അനുകൂലിച്ചപ്പോൾ സി.പി.എം വിരുദ്ധ നിലപാടാണെടുത്തത്.