ഡോ. ജോൺസ് കെ. മംഗലം നിര്യാതനായി
വടക്കാഞ്ചേരി: നിരവധി പേരെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിച്ച പൂമല ഡി അഡിക്‌ഷൻ സെന്ററിന്റെ സ്ഥാപകനും തൃശൂർ കേരളവർമ്മ കോളേജിലെ ഫിലോസഫി വിഭാഗം മുൻ മേധാവിയുമായ ഡോ. ജോൺസ് കെ. മംഗലം (59) നിര്യാതനായി. കൊച്ചി അമൃത ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ, ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
'കുടിയന്റെ കുമ്പസാരം' അടക്കം മദ്യവിമുക്തിയെ കുറിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മദ്യത്തിന്റെ പിടിയിലകപ്പെട്ട അദ്ദേഹം, 36 വയസായപ്പോഴേക്കും ലിവർ സീറോസിസ് അടക്കമുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയിരുന്നു. ബി.എയ്ക്കും എം.എയ്ക്കും ഒന്നാംറാങ്കും, എൽ.എൽ.ബിയും പി.എച്ച്.ഡിയുമുള്ള ജോൺസ് മദ്യമുക്തി കേന്ദ്രങ്ങളിലെല്ലാം പോയി പരാജിതനായി. ആമ്പല്ലൂർ സാൻജോസ് ഡി അഡിക്‌ഷൻ സെന്ററിലെ ഡോ. വി.ജെ. പോളാണ് ജോൺസിന്റെ ജീവിതം മാറ്റിമറിച്ചത്. 2004 ൽ പൂമലയിൽ പുനർജനിയെന്ന മദ്യ-ലഹരിമുക്തി കേന്ദ്രത്തിന് ജോൺസ് തുടക്കമിട്ടു. പൂമല ഡാമിനോട് ചേർന്ന് ഒരേക്കർ സ്ഥലത്താണ് പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ഫോർ ഡി അഡിക്‌ഷൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ. മരുന്നില്ലാതെ മന:ശാസ്ത്രപരമായ സമീപനമാണ് പുനർജ്ജനിയിലേത്. നിരവധി പേരെ മദ്യാസക്തിയിൽ നിന്നു വിമുക്തരാക്കാൻ ജോൺസിനായി. രാജിയാണ് ഭാര്യ. മകൻ: സൂരജ്. മരുമകൾ: ജീന. സംസ്‌കാരം ഇന്ന് നടക്കും.