ഇടംകൈയിൽ ചെ ഗുവേരയെയും വലംകാലിൽ ഫിഡലിനെയും പച്ചുകുത്തിയ ഡീഗോ,​ വിട പറയുന്നതും കാസ്ട്രോയുടെ ഓ‍ർമ്മദിനത്തിൽ

Thursday 26 November 2020 4:35 AM IST

ഓരോ ലോകകപ്പ് മത്സരം വരുമ്പോഴും ലോകത്ത് എല്ലായിടത്തുമെന്നതുപോലെ ഇങ്ങ് ഈ കൊച്ചുകേരളത്തിലും ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ പറയും വീവോ അർജന്റീന. ആ ആവേശക്കടൽ മെക്സിക്കൻ തിരമാലകളിൽ നിന്ന് പടർന്ന് ഇവിടെയെത്തിയതിന് പിന്നിലും ഒരേയൊരു ആൾ മാത്രമേ ഉള്ളൂ.. ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ. ലോകത്തിലെ ഫുട്ബാൾ പ്രേമികളെ ദുഃഖത്തിലാഴ്ത്തി ആ ഇതിഹാസ നായകന്റെ അപ്രതീക്ഷിത മരണം. ഫുട്ബാളിന്റെ ഭാഷയിൽ പറഞ്ഞാൽ സഡൻ ഡെത്ത്..

ഒരേസമയം നായകനായും വില്ലനായും മാറിയ വൈരുദ്ധ്യാത്മകതയായിരുന്നു മറഡോണയു

ടെ ജീവിതം.. മരണം വരെ അത് തുടർന്നു. സോഷ്യലിസ്റ്റ് ആശയങ്ങളെ പിന്തുടരുകയും അമേരിക്കയ്ക്കെതിരെ നിരന്തരം ആഞ്ഞടിക്കുകയും ചെയ്തു. അമേരിക്കയുടെ അപ്രീതിക്ക് ഇരയായ ഫിഡൽ കാസ്ട്രോയെ ആരാധ്യപുരുഷനായി കണ്ടതും മറഡോണയുടെ സോഷ്യലിസ്റ്റ് ചായ്‌വാണ്. യാദൃശ്ചികമോ വിധിയുടെ വിളയാട്ടമോ ,​ ഡീഗോയുടെ ജീവിതത്തിനും അവസാന വിസിൽ മുഴങ്ങിയത് ഫിഡൽ കാസ്ട്രോ വിട പറഞ്ഞ നവംബർ 25നായിരുന്നു.. 2016 നവംബര്‍ ഇരുപത്തിയഞ്ചിന് ഹവാനയില്‍ വച്ചായിരുന്നു കാസ്‌ട്രോയുടെ അന്ത്യം.

ഫിഡൽ കാസ്ട്രോ തനിക്ക് ഒരു അച്ഛനെപ്പോലെയായിരുന്നു എന്നാണ് കാസ്ട്രോയുടെ മരണവാർത്ത അറിഞ്ഞപ്പോൾ മറഡോണ പ്രതികരിച്ചത്. പില്‍ക്കാലത്ത് പല അഭിമുഖങ്ങളിലും ഡീഗോ അക്കാര്യം ആവര്‍ത്തിച്ചു. നപ്പോളിയില്‍ കളിക്കുമ്പോഴും ഡീഗോ കരിബിയന്‍ ദ്വീപിലേയ്ക്ക് കാസ്‌ട്രോയെ തേടി എത്തുമായിരുന്നു.. ഓരോ തവണ വരുമ്പോഴും സമ്മാനിക്കുന്നതിലും കൂടുതലും തന്റെ ആ പത്താംനമ്പർ കുപ്പായങ്ങളായിരുന്നു..

അര്‍ജന്റീന മെക്‌സിക്കോയില്‍ ജര്‍മനിയെ മുട്ടുകുത്തിച്ച് ലോകകപ്പില്‍ മുത്തമിട്ട 1986ലാണ് ഡീഗോ ആദ്യമായി കാസ്‌ട്രോയെ കണ്ടുമുട്ടുന്നത്. ക്യൂബന്‍ കാടുകളില്‍ ചെഗുവേരയ്‌ക്കൊപ്പം നടത്തിയ കാസ്‌ട്രോയുടെ ഐതിഹാസികമായ പോരാട്ടങ്ങളുടെ കഥകളാണ് ഡീഗോയെ കാസ്ട്രോയിലേക്കടുപ്പിച്ചത്. .

എന്നാൽ ഫിഡലുമായുളള ഡീഗോയുടെ ഹൃദയബന്ധം വർദ്ധിച്ചത് കളിക്കാലത്തല്ല. മയക്കുമരുന്ന് ഉപയോഗത്തിന് 11994.. അമേരിക്കയിൽ നടന്ന ലോകകപ്പിൽ പിടിക്കപ്പെട്ട് തലകുമ്പിട്ട് കളക്കളം വിടേണ്ടിവന്ന ഡീഗോയ്ക്ക് രക്ഷകനായത് കാസ്ട്രോ ആയിരുന്നു മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് രക്ഷ നേടാനായി ഓടിനടന്ന ഡീഗോയ്ക്ക് ക്യൂബയിലെ ഏറ്റവും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ തന്നെ വിട്ടുകൊടുത്തു. നാലു വര്‍ഷമാണ് ഡീഗോ ഇവിടെ ചികിത്സ തേടിയത്. ആശുപത്രിവാസത്തിനിടെ എന്നും ഫിഡല്‍ ശിഷ്യനെ വിളിക്കും. ഫോണെടുക്കും. മണിക്കൂറുകളോളം പിന്നെ ചര്‍ച്ചയാണ്. നാലു വര്‍ഷത്തിനുശേഷം ഹവാനയില്‍ നിന്ന് ഡീഗോ പുതിയ ജീവിതത്തിലേക്കാണ് മടങ്ങിയത്. അതിൽ കാസ്ട്രോയ്ക്കുള്ള പങ്ക് ഡീഗോ എന്നും എടുത്തുപറഞ്ഞിരുന്നു..

അര്‍ജന്റീന തനിക്ക് മുന്നില്‍ വാതിൽ കൊട്ടിയടച്ചപ്പോള്‍ അദ്ദേഹം എനിക്ക് ക്യൂബയിലേയ്ക്കുള്ള വാതില്‍ തുറന്നുതന്നുവെന്നാണ് ഡീഗോ പറഞ്ഞിരുന്നത് ഡേവിസ് കപ്പ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ഡീഗോയെ തേടി ഫിഡലിന്റെ മരണവാര്‍ത്തയെത്തിയത്. അച്ഛന്റെ വിയോഗത്തിനുശേഷം ഞാന്‍ ഏറ്റവുമധികം കരഞ്ഞത് ഇന്നാണ്. മയക്കുമരുന്നിന്റെ ഇരുട്ടില്‍ നിന്ന് എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് എന്നോട് പറഞ്ഞത് അദ്ദേഹമാണ്. ഞാന്‍ തിരിച്ചുവരിക തന്നെ ചെയ്തു. ‌ഡീഗോ വിതുമ്പി.. അന്ന് ഏകാധിപതിയെന്ന് അമേരിക്ക മുദ്രകുത്തിയ ഫിഡലിന്റെ മരണം ആഘോഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ടിവിയില്‍ കണ്ട് ഡീഗോ. പൊട്ടിത്തെറിച്ചു..

ഇടംകൈയില്‍ ചെ ഗുവേരയെയും വലംകാലിൽ ഫിഡലിനെയും പച്ചുകുത്തിയ ഡീഗോ. നാട്ടുകാരനായ ചെയെക്കാള്‍ ഇക്കാര്യത്തില്‍ ക്യൂബക്കാരനും ചെയുടെ സമരസഖാവുമായിരുന്ന കാസ്‌ട്രോയായിരുന്നു ഡീഗോയുടെ ഹീറോ. അച്ഛനും മകനും തമ്മിലുള്ള ഒരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്.

അഞ്ചു വര്‍ഷം മുന്‍പ് ഫിഡലിന്റെ മരണവാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരുന്നപ്പോള്‍ കാസ്ട്രോ തനിക്കയച്ച കത്തും ഉയര്‍ത്തിക്കാട്ടിയാണ് ഡീഗോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഫിഡല്‍ ജീവന്‍ വെടിയുന്നത്. ഇപ്പോഴിതാ ജീവിതമെന്ന കളിക്കളത്തിൽ നിന്ന് വിട ചൊല്ലി ഡീഗോ മറഡോണയും.