മുൻ സർക്കാരിനെതിരെ ആഞ്ഞടിച്ചപ്പോൾ സോളാർ നായിക തങ്ങിയത്  ബിനീഷിന്റെ ബിനാമിയുടെ വീട്ടിൽ ? കൂടുതൽ വിവരങ്ങൾ പുറത്ത്

Thursday 26 November 2020 3:03 PM IST

തിരുവനന്തപുരം : കഴിഞ്ഞ യു ഡി എഫ് സർക്കാരിനെ വട്ടം കറക്കിയ സോളാർ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യു ഡി എഫ് സർക്കാരിന്റെ അവസാന നാളുകളിൽ പരാതിക്കാരി തങ്ങിയത് തിരുവനന്തപുരത്തെ ബിനീഷ് കോടീയേരിയുടെ ബിനാമി എന്ന് അറിയപ്പെടുന്ന വ്യവസായിയുടെ വീട്ടിലായിരുന്നു. ബിനീഷിന്റെ ബിനാമി ബിസിനസ് പങ്കാളിയെന്ന് ഇഡി ആരോപിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിന്റെ മുട്ടടയിലുള്ള വീട്ടിലാണ് ഇവർ തങ്ങിയതെന്ന് പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇടത് സർക്കാർ അധികാരമേറ്റതോടെ സോളാർ കേസിലെ കനൽ തുടരന്വേഷണമില്ലാതെ കെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം വീണ്ടും പോകുന്ന സമയത്ത് വീണ്ടും കനൽ കത്തിക്കുവാനുള്ള ശ്രമങ്ങൾ അടുത്തിടെ ആരംഭിച്ചിരുന്നു. വിവാദമായ പല വെളിപ്പെടുത്തലുകളും വരും ദിവസമുണ്ടായേക്കാം. എന്നാൽ ഇതിനിടയിലാണ് ബിനീഷിന്റെ ബിനാമി സോളാർ വിവാദത്തിലും ഇടപെട്ടിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ ഇഡിയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. സാമ്പത്തികമായി ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങളിലേക്ക് ഇഡി കടക്കുവാനും സാദ്ധ്യതയുണ്ട്.

ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. നെടുമങ്ങാട്ടുള്ള ഒരു വ്യക്തിയിൽ നിന്നും ബിനീഷ് വാങ്ങിയതാണ് മുട്ടടയിലുള്ള വീട്. ഇവിടെ ഒരു എം എൽ എ ഇടപെട്ടാണ് ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.