ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, പതിനേഴുകാരന്‍ പിടിയില്‍

Thursday 26 November 2020 4:53 PM IST

തിരുവനന്തപുരം: ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ കേസില്‍ 17കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി പിടിയില്‍. രാജസ്ഥാൻ സ്വദേശിയാണ് പിടിയിലായത്. ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി തന്നെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.

ഐ.ജി പി വിജയനടക്കം സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി നിരവധി പേരുടെ പണമാണ് ഈ പതിനേഴുകാരന്‍ തട്ടിയെടുത്തത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.