ജൂലായ് - സെപ്‌തംബർ ജി.ഡി.പി കണക്ക് ഇന്ന്; ഇടിവിന്റെ ആഴം കുറയും

Friday 27 November 2020 3:15 AM IST

കൊച്ചി: ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ (2020-21) രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിലെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാക്കണക്ക് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) ഇന്ന് പുറത്തുവിടും. കൊവിഡും ലോക്ക്ഡൗണും മൂലം ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) വളർച്ച 40 വർഷത്തെ ഏറ്റവും മോശം നിരക്കായ നെഗറ്റീവ് 23.9 ശതമാനത്തിലേക്ക് തകർന്നിരുന്നു. വലിയ സമ്പദ്‌വ്യവസ്ഥകൾക്കിടയിലെ ഏറ്റവും മോശം വളർച്ചയും ആയിരുന്നു അത്.

ജൂലായ് പാദത്തിലും നെഗറ്റീവ് വളർച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കിലും തകർച്ചയുടെ ആഴം കുറയുമെന്ന വിലയിരുത്തലുകൾ ആശ്വാസമാണ്. നെഗറ്റീവ് 10 ശതമാനത്തിൽ കുറയാത്ത വളർ‌ച്ചയാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ഇത്, തകർച്ചയിൽ നിന്നുള്ള ശക്തമായ തിരിച്ചുകയറ്റമായിരിക്കും. നെഗറ്റീവ് 8.6 ശതമാനം വളർച്ചയാണ് റിസർവ് ബാങ്കിന്റെ പ്രവചനം.

ആദ്യപാദത്തിൽ, ലോക്ക്ഡൗൺ മൂലം സമ്പദ്‌പ്രവർത്തനങ്ങൾ നിശ്‌ചലമായതാണ് റെക്കാഡ് ഇടിവിന് കാരണം. രണ്ടാംപാദത്തിൽ, കാര്യമായ ഇളവ് കിട്ടിയതോടെ ഒട്ടുമിക്ക മേഖലകളും വീണ്ടും സജീവമായി. ഉത്സവകാലത്ത് ഉപഭോക്തൃ ഡിമാൻഡും മെച്ചപ്പെട്ടു.

കേന്ദ്രസർക്കാർ 20 ലക്ഷം കോടി രൂപയ്ക്കുമേൽ വരുന്ന ആത്മനിർഭർ പാക്കേജ് പ്രഖ്യാപിച്ച ശേഷമുള്ള, സമ്പദ്‌പ്രവർത്തനങ്ങൾ പൂർണതോതിൽ നടന്ന ആദ്യ ത്രൈമാസം കൂടിയാണ് ജൂലായ്-സെപ്‌തംബർ. അതിനാൽ, ഈ പാദവളർച്ചയെ ഏവരും പ്രതീക്ഷയോടെയാണ് നോക്കുന്നത്.

വളരുന്ന മേഖലകൾ

ജൂൺപാദത്തിൽ പോസീറ്റീവ് വളർച്ച നേടിയ ഏക മേഖല കൃഷിയാണ്. സെപ്‌തംബർപാദത്തിൽ കൃഷിയും റിയൽ എസ്‌റ്റേറ്റും ധനകാര്യ സേവനവും ഉൾപ്പെടെ ഏതാനും മേഖലകൾ കൂടി പോസിറ്റീവ് പാതയിലെത്തും. ഖാരിഫ് വിളവെടുപ്പ് ഡിസംബർവരെ നീളുമെന്നതിനാൽ അടുത്തപാദത്തിലും കൃഷി മികവ് തുടരും.

ഉറ്റുനോട്ടം ഇവരിലേക്ക്

നിർമ്മാണം (നെഗറ്റീവ് 50.3 ശതമാനം), മാനുഫാക്‌ചറിംഗ് (-39.3 ശതമാനം), സേവനം (-26.8 ശതമാനം), ഖനനം (-23.3 ശതമാനം) എന്നീ സുപ്രധാന മേഖലകളുടെ തളർച്ചയാണ് ജൂൺപാദത്തിലെ തിരിച്ചടി. ഇവയുടെ സെപ്‌തംബർപാദ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്.

വളർച്ച മുൻപാദങ്ങളിൽ

2019-20

ഏപ്രിൽ-ജൂൺ : 5.2%

ജൂലായ്-സെപ്തം : 4.4%

ഒക്ടോ-ഡിസം : 4.1%

ജനുവരി-മാർച്ച് : 3.1%*

2020-21

ഏപ്രിൽ-ജൂൺ : -23.9%**

(*11 വർഷത്തെ താഴ്ച, **40 വർഷത്തെ താഴ്ച)