ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ ശുപാർശ

Friday 27 November 2020 12:00 AM IST

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ തീർത്ഥാടകർക്ക് ദർശനത്തിന് അനുമതി നൽകണമെന്ന് ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി ശുപാർശ ചെയ്തു.

നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും മറ്റു ദിവസങ്ങളിൽ 1000 പേർക്കും മാത്രമാണ് ഓൺലൈൻ രജിസ്ട്രേഷൻ വഴി അനുമതിയുള്ളത്. എത്രയായി ഉയർത്തണമെന്ന് സർക്കാർ തീരുമാനിക്കും. അനുമതി ലഭിക്കുന്നവരിൽ പലരും എത്താതിരിക്കുന്നതും കൊവിഡിനെ നിയന്ത്രിക്കാൻ കഴിയുന്നതും കണക്കിലെടുത്താണ് എണ്ണം കൂട്ടുന്നത്.

പ്രതിദിനം അയ്യായിരം പേർക്ക് അനുമതി നൽകണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. തീർത്ഥാടകർ കുറഞ്ഞതോടെ കാര്യമായ വരുമാനം ഇല്ലാത്ത അവസ്ഥയാണ്.

കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിനിടയാക്കുമെന്ന് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവായ സംഭവങ്ങളുണ്ട്. ഇവർ യാത്രാവഴിയിൽ ദർശനം നടത്തുന്ന മറ്റ് ക്ഷേത്രങ്ങളിലും കയറുന്ന ഭക്ഷണശാലകളിലും കൊവിഡ് പകരാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെ കൊവിഡുള്ള മുഴുവൻ പേരെയും കണ്ടെത്താൻ കഴിയില്ല.ടെസ്റ്റ് നെഗറ്റീവായാലും രോഗവാഹകരായേക്കാം. ഇതാണ് ആരോഗ്യവകുപ്പിന്റെ എതിർപ്പിന് കാരണം.