കടമ്പനാട് പഞ്ചായത്ത്, പത്രക്കാർക്കാണ് ഇൗ നാട്ടിൽ കാര്യം

Friday 27 November 2020 12:50 AM IST

കടമ്പനാട് : ഗ്രാമ പഞ്ചായത്ത് 13ാം വാർഡിൽ വാർത്തയുടെ വിളമ്പുകാർ തമ്മിലാണ് മത്സരം. പത്ര ഏജന്റുമാരായ എസ്.രാധാകൃഷ്ണനും പൊടിമോൻ കെ.മാത്യുവും യഥാക്രമം എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. കഴിഞ്ഞ ഭരണസമിതിയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു രാധാകൃഷ്ണൻ. സി.പി.ഐയുടെ മണ്ഡലം കമ്മിറ്റി അംഗമാണ്.ആർ.എസ്. പി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പൊടിമോന്റെ കന്നിയങ്കമാണ്.

നാല്പത്തിരണ്ട് വർഷമായി കേരളകൗമുദി അടക്കമുള്ള പത്ര ങ്ങളുടെ ഏജന്റായ മോഹനൻ പിള്ള നാലാം വാർഡിൽ നിന്ന് ജനവിധി തേടുന്നുണ്ട്. സി.പി.ഐ കടമ്പനാട് ലോക്കൽ സെക്രട്ടറിയായി വർഷങ്ങളോളം പ്രവർത്തിച്ചതിന്റെ കരുത്തുമായാണ് ആദ്യഅങ്കത്തിന് ഇറങ്ങുന്നത്.

ഇലന്തൂരിലുമുണ്ട്, പത്രത്തിന്റെ കരുത്തിലൊരു സ്ഥാനാർത്ഥി

ഇലന്തൂർ: ഇലന്തൂർ ബ്ലോക്ക് മല്ലപ്പുഴശേരി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജിജി ചെറിയാൻ മാത്യുവും വാർത്തയുടെ വിതരണ ലോകത്ത് നിന്നാണ് വോട്ട് തേടി ഇറങ്ങിയിരിക്കുന്നത്. പുലർച്ചെ 4ന് തുടങ്ങുന്ന പത്ര വിതരണം രാവിലെ 7 ന് അവസാനിക്കും. തുടർന്നാണ് ജിജി ചെറിയാന്റെ ' വോട്ട് യാത്ര ' ആരംഭിക്കുന്നത്. കഴിഞ്ഞ 5 വർഷമായി ആറന്മുള തറയിൽ ജംഗ്ഷനിൽ തുടരുന്ന ഏജൻസി നൽകുന്ന ജനകീയത കരുത്താക്കിയാണ് ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.പത്ര എജൻസിയ്ക്കു പുറമെ ഫ്രൂട്‌സ് കടയും ന‌ടത്തിവരുന്നു. എൻജിനീയറിംഗ് വിദ്യാർത്ഥിയായ മകൻ ജീവനും സഹായത്തിനുണ്ട്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, യുവജന വായനശാല , സ്മാഷ് ക്ലബ്, തിരുവാഭരണ ഘോഷയാത്ര, മഞ്ഞനിക്കര , പരുമല പദയാത്ര കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നു. 2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തന രംഗത്തും മുൻ നിരയിലുണ്ടായിരുന്നു.