കോളേജുകൾ ജനുവരിയിൽ തുറക്കാൻ ശ്രമം
Friday 27 November 2020 12:00 AM IST
തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞാൽ കോളേജുകൾ ജനുവരിയിൽ തുറക്കാൻ സർക്കാർ ശ്രമിക്കുന്നു.ജനുവരി ഒന്നു മുതൽ തുറക്കാനാവുമോയെന്ന് കഴിഞ്ഞ ദിവസം അവലോകന യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചിരുന്നു. സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കോളേജുകൾ തുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് യു.ജി.സി. നിർദ്ദേശിച്ചിരുന്നു. കർണാടക മാതൃകയിൽ അവസാനവർഷ വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കുമായി കോളേജുകൾ തുറക്കാനും ആലോചനയുണ്ട്. ചില കോളേജുകളിൽ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുള്ളതിനാൽ കോളേജുകൾ തുറക്കാൻ ദുരന്തനിവാരണ വകുപ്പിന്റെയും കൊവിഡ് വിദഗ്ധസമിതിയുടെയും അനുമതിയും ആവശ്യമാണ്.