ഇതിഹാസങ്ങൾ അനശ്വരരായ നവംബർ 25

Friday 27 November 2020 12:37 AM IST

നവംബർ 25 - ജോർജ്ജ് ബെസ്റ്റ്, ഫിഡൽ കാസ്ട്രോ, ഇപ്പോൾ ഡീഗോ മറഡോണ ലോകം ആരാധനയോടെ നോക്കുന്ന മൂന്ന് ഇതിഹാസങ്ങൾ അനശ്വരതയിലേക്ക് നടന്നകന്ന ദിവസം. കളിക്കളത്തിനകത്തും പുറത്തും മറഡോണയുമായി ഏറെ സാമ്യതകളുള്ള ജോർജ് ബെസ്റ്റ് 2005 നവംബർ 25ന് തന്റെ 59-ാമത്തെ വയസിലാണ് ജീവിത മൈതാനത്ത് നിന്ന് വിടവാങ്ങിയത്. മറഡോണുടെ രാഷ്ട്രീയ ഗുരുവും പ്രചോദനവുമായിരുന്ന ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോ വിടവാങ്ങിയത് 2016 നവംബർ 25ന് തൊണ്ണൂറാമത്തെ വയസിലായിരുന്നു. ഇപ്പോഴിതാ ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി അറുപതാം വയസിൽ മറ്റൊരു നവംബർ 25ന് ഡീഗോയും നടന്നകലന്നു.

മറഡോണയെപ്പോലെ കളിക്കളകത്തിനകത്തും പുറത്തും ഒന്നും ഒതുക്കിവയ്ക്കാത്ത എല്ലാം അതിന്റെ ഉച്ചസ്ഥായിയിൽ ആസ്വദിക്കുകയും ആഘോഷിക്കുകയുമായിരുന്നു ബെസ്റ്ര്. നേട്ടങ്ങളിൽ മറഡോണയുടെ അടുത്തെങ്ങുമെത്തില്ലെങ്കിലും കളിമികവിൽ മറഡോണയ്ക്കൊപ്പമിരുത്താം ബെസ്റ്റിനെ. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്രർ യുണൈറ്റഡിനൊപ്പമുള്ള സുവർണകാലഘട്ടമാണ് നോർത്തേൺ അയർലൻഡ്കാരനായ ബെസ്റ്റിനെ ഇതിഹാസമാക്കിയത്.

1964 മുതൽ 67 വരെ 3 വർഷത്തിനിടെ 2 തവണ യുണൈറ്റഡിനെ ഇംഗ്ളീഷ് ലീഗ് ചാമ്പ്യന്മാരാക്കിയ ബെസ്റ്റ്1968 ൽ ചരിത്രത്തിലാദ്യമായി ചുവന്ന ചെകുത്താന്മാരെ യൂറോപ്യൻ കപ്പ് ചാമ്പ്യൻമാരുമാക്കി. കളിയിൽ മാത്രമല്ല ലഹരി ഉപയോഗത്തിലും കാമുകിമാരിലും ചൂടൻ സ്വഭാവത്തിലും ബെസ്റ്റ് മറഡോണ തന്നെയായിരുന്നു. അമിതമായ ലഹരി ഉപയോഗമാണ് ജോർജ് ബെസ്റ്റിനേയും മറഡോണയെപ്പോലെ അകാലത്തിൽ നഷ്ടമാകാൻ കാരണം.

വിരമിച്ച ശേഷം ലഹരിയിലാണ്ട മറഡോണയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ഫിഡൽ കാസ്ട്രോയാണ്. ഹൃദ്രോഗ ബാധിതനായി മരണം മുന്നിൽക്കണ്ട മറഡോണയെ ഫിഡൽ ക്യൂബയിലേക്ക് ക്ഷണിക്കുകയും മികച്ച ചികിത്സ നൽകുകയുമായിരുന്നു. 2000 മുതൽ 2005വരെ ക്യൂബയിൽ ഫിഡലിനൊപ്പമായിരുന്നു മറഡോണ. എല്ലാവർക്കും ഏറ്രവും വലുത് ദൈവമാണ്, എന്നാൽ ഫി‌ഡലിനെ ഞാൻ കാണുന്നത് ദൈവത്തിനും മുകളിലാണെന്ന് മറഡോണ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മറഡോണയ്ക്ക് ഫിഡൽ ആരായിരുന്നുവെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം.