രവീന്ദ്രന്റെ രോഗം ഒടുവിൽ ഡോക്ടർമാർ കണ്ടെത്തി, രക്തത്തിൽ ഓക്സിജൻ കുറയുന്നു, ചികിത്സയിൽ തുടരും
തിരുവനന്തപുരം: സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകൾ എന്നിവയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്ര് ചോദ്യംചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാവില്ല. മെഡിക്കൽ കോളേജാശുപത്രി എ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം.
കൊവിഡ് മുക്തനായ ശേഷം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയാണെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകളടങ്ങിയ മരുന്നുകൾ നൽകുന്നതിനാൽ പ്രമേഹവും ഉയരുന്നുണ്ട്. സ്‌കാനിംഗ് ഉൾപ്പെടെ കൂടുതൽ പരിശോധനകളും വേണം. അതിനാൽ ഉടൻ ഡിസ്ചാർജ് ചെയ്യാനാവില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.
ഇ.ഡിയുടെ രണ്ടാമത്തെ നോട്ടീസ് ലഭിച്ച ബുധനാഴ്ചയാണ് രവീന്ദ്രൻ മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്മിറ്റായത്. കഴിഞ്ഞ ആറിന് ഇ.ഡി ആദ്യം നോട്ടീസ് നൽകിയതിനു പിന്നാലെ കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം ഒരാഴ്ച ക്വാറന്റൈനും പൂർത്തിയാക്കിയ ശേഷമായിരുന്നു ഇ.ഡി രണ്ടാമതും നോട്ടീസ് നൽകിയത്.
അതിനിടെ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്നും കൊവിഡ് ബാധിതനായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിട്ടുണ്ട്.