സ്വപ്‌നയെ വിട്ടുതരില്ലെന്ന് കസ്‌റ്റംസ്; വിവാദ ശബ്‌ദരേഖയിലെ അന്വേഷണം ത്രിശങ്കുവിൽ

Friday 27 November 2020 1:12 PM IST

തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തുവന്ന സംഭവത്തെ കുറിച്ചുള‌ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അനിശ്ചിതത്വത്തിൽ. നിലവിൽ കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലായ സ്വപ്‌നയെ ചോദ്യംചെയ്യാൻ വിട്ടുതരില്ലെന്ന് കസ്‌റ്റംസ് ക്രൈംബ്രാഞ്ച് അധികൃതരെ അറിയിച്ചു.

സ്വപ്‌നയെ ചോദ്യം ചെയ്‌ത് ശബ്‌ദരേഖ ആരുടേതെന്ന് ഉറപ്പിക്കുകയാണ് സംഭവം അന്വേഷിക്കുന്നതിൽ ക്രൈംബ്രാഞ്ച് ചെയ്യേണ്ട ആദ്യ നടപടി. കസ്‌റ്റംസ് അനുമതി തരാത്തതിനാൽ ഇതിനുപോലും സാധിക്കാത്ത അവസ്ഥയാണ്. സ്വപ്‌നയെ ചോദ്യം ചെയ്യണം എന്ന ആവശ്യം ക്രൈംബ്രാഞ്ച് ജയിൽവകുപ്പിനെ അറിയിച്ചു. കൊഫെ പോസ പ്രതിയാണ് സ്വപ്‌ന എന്നതിനാലാണ് ജയിൽ വകുപ്പിനെ ക്രൈംബ്രാഞ്ച് സമീപിച്ചത്. ജയിൽവകുപ്പ് ഈ ആവശ്യം ഉന്നയിച്ച് കസ്‌റ്റംസിന് കത്ത് നൽകി.

എന്നാൽ നിലവിൽ തങ്ങളുടെ കസ്‌റ്റഡിയിലാണ് സ്വപ്‌ന എന്നതിനാൽ ഇപ്പോൾ ചോദ്യം ചെയ്യാനാകില്ലെന്ന് കസ്‌റ്റംസ് അറിയിച്ചു. ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ച് സ്വപ്‌നയെ കസ്‌റ്റഡിയിൽ വാങ്ങാനും ചോദ്യം ചെയ്‌തുകൊള‌ളാനും കസ്‌റ്റംസ് അധികൃതർ മറുപടി നൽകി. പക്ഷെ സംഭവം കേസായി രജിസ്‌റ്റർ ചെയ്‌താൽ മാത്രമേ കോടതിയെ സമീപിക്കാനാകൂ എന്നതിനാൽ പ്രാധമികമായ അന്വേഷണം പോലും ക്രൈംബ്രാഞ്ചിന് നടത്താനാകില്ല. ഫലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.