എം.വി.ആർ പകർന്നുനൽകിയ കരുത്തുമായി എം.കെ. കണ്ണൻ

Saturday 28 November 2020 3:32 AM IST

കണ്ണൂർ: സഹകരണമന്ത്രിയും സി. എം.പി ജനറൽ സെക്രട്ടറിയുമായിരുന്ന എം.വി. രാഘവനിൽ നിന്ന് നേടിയ സഹകരണപാഠത്തിന്റെ ആത്മവിശ്വാസത്തിലാണ് എം.കെ. കണ്ണൻ കേരള ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന കണ്ണൻ 1986ലാണ് സി.എം.പിയിൽ ചേരുന്നത്.

1998ൽ തൃശൂർ എം.എൽ.എയായി. തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ, സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ, തൃശൂർ ജില്ലാ സഹകരണ ആയുർവേദ ആശുപത്രി പ്രസിഡന്റ്, സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെൻട്രൽ കൗൺസിൽ അംഗം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.

കെ. ആർ. അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടർന്നാണ് സി.എം.പി ജനറൽ സെക്രട്ടറിയായത്. സി.പി.എമ്മുമായി അടുപ്പം പുലർത്തിയിരുന്ന കണ്ണൻ സംഘടനയെ സി.പി.എമ്മിൽ ലയിപ്പിക്കാനുള്ള ചർച്ചയിലും സജീവമായിരുന്നു. ഇതിനിടെയാണ് കോടതിവിലക്ക് നിലനിൽക്കെ, കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സി.എം.പി കണ്ണൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചത്. കൊല്ലത്ത് നടന്ന ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

സി.എം.പി സ്ഥാപകനായ എം.വി രാഘവന്റെ മകൻ എം.വി രാജേഷിന്റെ ഹർജിയിലാണ് സി.എം.പി-സി.പി.എം ലയനം എറണാകുളം മുൻസിഫ് കോടതി വിലക്കിയത്. എന്നാൽ, ലയനസമ്മേളനവുമായി കണ്ണൻ മുന്നോട്ട് പോവുകയായിരുന്നു.

തൃശൂർ പൂങ്കുന്നം സ്വദേശിയാണ്. കാർഷിക വികസന ബാങ്കിൽ നിന്ന് വിരമിച്ച രമണി ഭാര്യയും മൃദുല, മൃദേഷ് എന്നിവർ മക്കളുമാണ്.