വീടിന്റെ ഭിത്തി പൊളിച്ചപ്പോൾ ലഭിച്ചത് 100 വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ
വാഷിംഗ്ടൺ: വീട് പുതുക്കുപ്പണിയുന്നതിന്റെ തിരക്കിലായിരുന്നു ന്യൂയോർക്ക് സ്വദേശികളും ദമ്പതികളുമായ നിക്ക് ഡ്രമൺഡും പാട്രിക് ബക്കറും. പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി നൂറു വർഷം പഴക്കമുള്ള വീടിന്റെ മരംകൊണ്ടുള്ള പുറംഭിത്തി പൊളിച്ചപ്പോൾ കണ്ടെത്തിയത് 66 കുപ്പി വിസ്‌കിയാണ്. ഒരുവർഷം മുൻപാണ് ആമിസിലെ ഈ പഴയ വീട് ഇരുവരും വാങ്ങുന്നത്
പണ്ട് ഈ വീടിന്റെ ഉടമ കുപ്രസിദ്ധനായ ഒരു മദ്യക്കടത്തുകാരനായിരുന്നു എന്ന് അവർ കേട്ടിരുന്നു. എന്നാൽ, ഇത്രയും മദ്യക്കുപ്പികൾ ചുമരുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് അവർക്കറിയില്ലായിരുന്നു. പിന്നീട്, തന്റെ ഇൻസ്റ്റഗ്രാമിലൂടെ മദ്യക്കുപ്പികളുടെ വിവരങ്ങൾ ഡ്രമൺഡ് പങ്കുവച്ചു. ചുവർ പൊളിച്ച് മദ്യക്കുപ്പികൾ പുറത്തെടുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
1915ൽ നിർമ്മിച്ച വീടാണിതെന്നാണ് ഡ്രമൺഡ് പറയുന്നത്. അക്കാലത്ത് ഇവിടെ മദ്യനിരോധനമുണ്ടായിരുന്നതിനാൽ മദ്യക്കുപ്പികൾ ഭിത്തിയ്ക്കുള്ളിൽ ഒളിപ്പിച്ചതാവാമെന്നാണ് കരുതുന്നത്.
വീട്ടുടമസ്ഥനെക്കുറിച്ച് കേട്ടിരുന്ന കഥകൾ സത്യമാണെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ വിശ്വാസമായി - ഡ്രമൺഡ് തന്റെ പോസ്റ്റിൽ പറയുന്നു.
66 കുപ്പികളിൽ 13 എണ്ണം ഫുൾ ബോട്ടിലുകളാണ്. ഇവയിൽ, നാലെണ്ണത്തിലെ മദ്യം പഴക്കംമൂലം കേടായിരുന്നു. എന്നാൽ, ബാക്കി ഒമ്പത് കുപ്പികളിലെ മദ്യത്തിന് കുഴപ്പമൊന്നുമില്ല. പിന്നെയുള്ളത് ഹാഫ് ബോട്ടിലുകളാണ്. ഇവയിൽ മിക്കതിലെയും മദ്യം ബാഷ്പീകരണം സംഭവിച്ച് നഷ്ടപ്പെട്ടുപോയി, ഡ്രമൺഡ് പറഞ്ഞു നിറുത്തി.