യോഹന്നാൻ കർഷകനാണ് : പറമ്പിലും പോസ്റ്ററിലും

Friday 27 November 2020 11:04 PM IST

പത്തനംതിട്ട : ഒന്നാന്തരം കർഷകനാണ് പി.ജി യോഹന്നാൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പോസ്റ്ററിൽ പോലും യോഹന്നാൻ പ്രത്യക്ഷപ്പെടുന്നത് കർഷകനായാണ്. പത്തനംതിട്ട നഗരസഭ രണ്ടാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് പി.ജി യോഹന്നാൻ. ചെറുപ്പം മുതൽ ചെയ്തിരുന്ന റബർ ടാപ്പിംഗ് നടത്തുന്നതിന്റെയും വാഴക്കുലയുമായി നിൽക്കുന്നതിന്റെയും ചിത്രങ്ങളുമായാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. നമ്മുടെ ജീവിതം എങ്ങനെയാണോ അതുപോലെ തന്നെ ജനങ്ങൾ കാണണം എന്നാണ് യോഹന്നാന്റെ നിലപാട്.

കോൺഗ്രസിന്റെ സജീവപ്രവർത്തകനായ യോഹന്നാൻ ആദ്യമായാണ് മത്സരിക്കുന്നത്. വെട്ടിപ്രത്ത് സ്റ്റേഷനറി കട നടത്തുന്ന യോഹന്നാന്റെ പ്രധാന ജീവിതോപാധി കൃഷിയാണ്.

മുമ്പ് ബംഗളൂരുവിലും മറ്റും ജോലി ചെയ്യുകയായിരുന്നു. നാട്ടിലെത്തിയപ്പോൾ രാഷ്ട്രീയത്തിൽ സജീവമായി. റബറിന് പുറമേ വാഴ, ചേമ്പ്, കപ്പ തുടങ്ങിയവയും പറമ്പിലുണ്ട്. എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നാണ് അമ്പത്തിനാലുകാരനായ യോഹന്നാന്റെ വാഗ്ദാനം.ഭാര്യ : ഷീജ. മക്കൾ : സാനു ജോൺ, ഷീന ജോൺ.