ബാർ കോഴ വിവാദം : ലക്ഷ്യം ചെന്നിത്തലയെന്ന് പി.സി.ജോർജ്

Friday 27 November 2020 11:07 PM IST

പത്തനംതിട്ട : രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ചാവാം ഇപ്പോൾ ബിജു രമേശ് ബാർകോഴയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ട്. കെ.എം മാണി പണം വാങ്ങിയതായി പരാതിക്കാരൻ തന്നോട് പറഞ്ഞിട്ടുണ്ട്.അക്കാര്യം മാണിയും തന്നോട് സമ്മതിച്ചതാണ്. ബാർകോഴയിൽ മുൻ മന്ത്രിമാരൊക്കെ കാശ് വാങ്ങിയിട്ടുണ്ട്. ജോസ് കെ. മാണിയെക്കൊണ്ട് എൽ.ഡി.എഫിന് പ്രയോജനം ഉണ്ടാകും. പക്ഷെ കമ്മ്യൂണിസിറ്റുകാർ ജോസ്‌ കെ. മാണിക്ക്‌ വോട്ട് ചെയ്യില്ല. ജനപക്ഷത്തിന് സ്ഥാനാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങളിൽ പൊതു പ്രവർത്തന പാരമ്പര്യമുള്ളവരെ നോക്കിവോട്ട്‌ ചെയ്യും. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തുല്യ അകലത്തിലാണ് ജനപക്ഷം കാണുന്നത് . സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളിൽ ഏഴ്, ബ്ലോക്ക്പഞ്ചായത്ത് 17, നഗരസഭ 8 ,കോർപ്പറേഷൻ 1, ഗ്രാമപഞ്ചായത്ത് 137 എന്നിങ്ങനെ വാർഡുകളിലും മത്സരിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ കുളനട, പ്രമാടം ഡിവിഷനുകളിൽ മത്സരിക്കുന്നുണ്ട്. 6 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ജനപക്ഷം മത്സരിക്കും. 55 വയസ് കഴിഞ്ഞവർക്ക് 10000 രൂപ പെൻഷൻ നൽകണം തൊഴിൽ ഇല്ലാത്ത 25 വയസ് കഴിഞ്ഞവർക്ക് 5000 രൂപ മാസം തൊഴിൽ രഹിതവേതനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് അവസാനിപ്പിക്കണം. ശമ്പള കമ്മിഷൻ പിരിച്ച് വിടണം.