32,000 രൂപ കിട്ടാൻ 11 വർഷം: ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Saturday 28 November 2020 2:11 AM IST

കൊച്ചി: വിരമിച്ച് 11 വർഷം കഴിഞ്ഞിട്ടും വിരമിക്കൽ ആനുകൂല്യമായ 32,000 രൂപ നൽകാത്തത് ഖേദകരമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആനുകൂല്യം ഉടൻ നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹാൻഡി ക്രാഫ്റ്റ് അപ്പക്‌സ് സഹകരണസംഘം പ്രസിഡന്റിന് ഉത്തരവ് നൽകി.

30 വർഷത്തെ സേവനത്തിന് ശേഷം 2009 ൽ വിരമിച്ച എറണാകുളം മരട് സ്വദേശിനി കെ.ബി. രേഖയുടെ പരാതിയിലാണ് ഉത്തരവ്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സൊസൈറ്റി സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. ജീവനക്കാരുടെ 24 മാസത്തെ പ്രോവിഡന്റ് ഫണ്ട് അടയ്ക്കാനുണ്ട്. പരാതിക്കാരി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നൽകാനുള്ള കുടിശിക മുൻഗണനാ ക്രമത്തിൽ നൽകാൻ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.