ശബരിമലയിൽ പ്ളാസ്റ്റിക് നിരോധനത്തിൽ ഇളവി​ല്ല

Saturday 28 November 2020 12:19 AM IST

കൊച്ചി : കൊവിഡ് സാഹചര്യത്തിൽ ശബരിമലയിലെ പ്ളാസ്റ്റിക് നിരോധനത്തിൽ ഇളവു വേണമെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മണ്ഡലകാലത്ത് ഫേസ് ഷീൽഡ്, മാസ്ക്, ഗ്ളൗസ്, പ്ളാസ്റ്റിക് ബോട്ടിലിൽ സാനിറ്റൈസർ എന്നിവ ശബരിമലയിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് സ്പെഷ്യൽ കമ്മിഷണർ ആവശ്യപ്പെട്ടത്. പ്ളാസ്റ്റിക് ഉത്പന്നങ്ങളായ ഫേസ് ഷീൽഡും ഗ്ളൗസും സാനിറ്റൈസർ ബോട്ടിലുമൊക്കെ കുറച്ചു നേരം ഉപയോഗിച്ചശേഷം ഭക്തർ ഉപേക്ഷിക്കാൻ സാദ്ധ്യതയേറെയാണ്. ഇതുൾപ്പെടെയുള്ള പ്ളാസ്റ്റിക് മാലിന്യം എങ്ങനെ ശാസ്ത്രീയമായി വേർതിരിച്ചു പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കും ഉപദ്രവമാകാതെ സംസ്കരിക്കുമെന്ന കാര്യത്തിൽ സ്പെഷ്യൽ കമ്മിഷണർ ഒന്നും പറയുന്നില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദിവസേന ആയിരം പേർക്ക് ദർശനം നടത്താൻ അനുമതിയുണ്ട്. പൊലീസും ദേവസ്വം ബോർഡ് ജീവനക്കാരും പുരോഹിതരുമടക്കം പിന്നെയും ആളുകൾ അവിടെയുണ്ട്. ഇതിലും വളരെക്കുറച്ച് ആളുകൾ മാത്രമെത്തുന്ന എവറസ്റ്റിൽ പോലും പ്ളാസ്റ്റിക് മാലിന്യം കണ്ടെത്തിയിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശി​പ്പി​ക്കുന്നതിന്റെ പേരിൽ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്ന പ്ളാസ്റ്റിക് അനുവദിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.