കൊ​വി​ഡ് ​രോ​ഗി​ക​ൾ​ക്ക് ​ ബാലറ്റ് വീട്ടിലെത്തും

Friday 27 November 2020 11:39 PM IST

തിരുവനന്തപുരം: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷ്‌ണർ പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുൻപ് മുതൽ വോട്ടെടുപ്പിന് തലേദിവസം 3 വരെ കൊവിഡ്‌ പോസിറ്റീവാകുന്നവർക്ക് തപാൽ വോട്ട് ചെയ്യാം. ഈ പട്ടികയിൽ പേര് വന്നവർക്ക് രോഗം മാറിയാലും തപാൽ വോട്ട് ചെയ്യാം.

കൊവിഡ് മൂലം മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കാം. വോട്ടെടുപ്പിന് തലേന്ന് വൈകിട്ട് മൂന്നിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലായവർക്കും പോളിംഗ് സ്റ്റേഷനിൽ വൈകിട്ട് 5 മുതൽ 6വരെ പ്രത്യേക സുരക്ഷാ സംവിധാനത്തിൽ നേരിട്ട് വോട്ട് ചെയ്യാം.

തപാൽ വോട്ടിന് അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

1. തപാൽ വോട്ടിനായി അതത് പ്രദേശത്തെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. ഇതിന് നിശ്ചിത ഫോറമുണ്ട്.

2.വരണാധികാരി നിർദ്ദേശിക്കുന്ന ഹെൽത്ത് ഓഫീസറിൽ നിന്ന് കൊവിഡ് പോസിറ്റീവ്, അല്ലെങ്കിൽ നിരീക്ഷണത്തിലാണ് എന്ന സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിന് അപേക്ഷ നൽകണം

3.സർട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷയും നൽകിയാൽ കൊവിഡ് രോഗിയുടെ അടുത്തേക്ക് വരണാധികാരി നിയമിക്കുന്ന സ്പെഷ്യൽ പോളിംഗ് ഓഫീസർ നേരിട്ട് എത്തും

4. സ്പെഷ്യൽ പോളിംഗ് ഓഫീസർ നൽകുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം.

5. തുടർന്ന് സത്യപ്രസ്താവന, പോസ്റ്റൽ ബാലറ്റ് പേപ്പർ എന്നിവയും മൂന്ന് കവറുകളും നൽകും.

6. സത്യപ്രസ്താവന പോളിംഗ് ഓഫീസറുടെ മുന്നിൽ വച്ച് ഒപ്പിട്ട് പ്രത്യേക കവറിലാക്കണം.

7.ബാലറ്റ് പേപ്പറുമായി വീടിനകത്ത് പോയി വോട്ട് രേഖപ്പെടുത്തി അത് പ്രത്യേക കവറിലാക്കണം.

8.ബാലറ്റ് പേപ്പർ, സത്യപ്രസ്താവന എന്നിവ ഇട്ട കവറുകൾ മൂന്നാമത്തെ കവറിലാക്കി പോളിംഗ് ഓഫീസറെ തിരിച്ചേൽപ്പിക്കണം.

9.ഇത് സീല് ചെയ്ത് പോളിംഗ് ഒാഫീസർ സൂക്ഷിക്കും. അതല്ലെങ്കിൽ പോളിംഗ് ഓഫീസറെ ഏൽപ്പിക്കാതെ വരണാധികാരിക്ക് നേരിട്ട് രജിസ്റ്റേഡ് തപാലിൽ അയയ്ക്കാം.

10.വോട്ട് ചെയ്തതിന് തെളിവായി പോളിംഗ് ഓഫീസർ രസീത് നൽകും. ഇതോടെ വോട്ട് പ്രക്രിയ പൂർത്തിയാകും.