ചുവരെഴുത്തുകാരൻ യുവാവ് ഇന്ന് റിട്ടേണിംഗ് ഓഫീസർ
കൊല്ലം: തിരഞ്ഞെടുപ്പ് കാലത്ത് ചുവരെഴുതി കിട്ടിയ പണം കൊണ്ട് പഠിച്ച് ദുരിത കാലം മറികടന്ന വിദ്യാർത്ഥി ഇന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന റിട്ടേണിംഗ് ഓഫീസറാണ്. മൂന്നര പതിറ്റാണ്ട് മുമ്പ് കായംകുളം എം.എസ്.എസ് കോളേജിലെ ക്ലാസ് കഴിഞ്ഞ് നാടായ നാടൊക്കെ ചുവരെഴുതാൻ നടന്ന കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ ജി. കൃഷ്ണകുമാർ ഇപ്പോൾ കൊട്ടാരക്കര നഗരസഭയുടെ റിട്ടേണിംഗ് ഓഫീസറാണ്. തിരഞ്ഞെടുപ്പായാൽ ഭക്ഷണവും താമസവുമൊക്കെ പാർട്ടി ഓഫീസുകളിലാണ്. റാന്തൽ വിളക്കുകളുടെ വെളിച്ചത്തിൽ സ്ഥാനാത്ഥികളുടെ പേരെഴുതി ചിഹ്നം വരയ്‌ക്കും. മടങ്ങുമ്പോൾ പാർട്ടിക്കാർ നൽകുന്ന പണം ഉപയോഗിച്ചായിരുന്നു പഠനവും ഭക്ഷണവും ജീവിതവുമൊക്കെ.
ജീവിതത്തിന്റെ ഇല്ലായ്മകളെ വെല്ലുവിളിച്ച് പഠിച്ച് റാങ്കോടെ എം.എ പാസായി. എം.ഫിൽ ബിരുദവും യു.ജി.സി ജൂനിയർ റിസർച്ച് ഫെലോഷിപ്പും നേടിയിട്ടുള്ള കൃഷ്ണകുമാർ ഗ്രാമവികസന വകുപ്പിലാണ് സ്ഥിരം ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ കാലടി സംസ്കൃത സർവകലാശാലയിൽ കരാർ അദ്ധ്യാപകനായിരുന്നു. മികച്ച പ്രവർത്തനത്തിന് 2014ൽ സംസ്ഥാന സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രിയും നേടിയിട്ടുണ്ട്. പഠനകാലത്ത് കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. ഗ്രാമവികസന വകുപ്പിൽ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണറും കൊട്ടാരക്കര കില ഇ.ടി.സി പ്രിൻസിപ്പലുമാണിപ്പോൾ. തിരഞ്ഞെടുപ്പ് കാലത്ത് കിട്ടുന്ന വരുമാനം കൂട്ടിവച്ച് പഠനം നടത്തി ലഭിച്ച ജോലിയിലിരുന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിന്റെ ആഹ്ലാദവും അഭിമാനവും കൃഷ്‌ണകുമാറിനുണ്ട്.
'പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാണ് പ്രചാരണത്തിന് ഉപയോഗിക്കേണ്ടത്. ചുവരെഴുത്തുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കണം".
- ജി. കൃഷ്ണകുമാർ