കാട്ടായിക്കോണം അരവിന്ദൻ നിര്യാതനായി

Saturday 28 November 2020 12:45 AM IST

പോത്തൻകോട്: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് കാട്ടായിക്കോണം ജി. അരവിന്ദൻ (86) നിര്യാതനായി. കാട്ടായിക്കോണം താഴവീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അന്ത്യം. പ്രമേഹം കടുത്തതിനെ തുടർന്ന് അവശനിലയിലായിരുന്നു. സംസ്കാരം രാത്രി 8ന് വീട്ടുവളപ്പിൽ നടത്തി.

1954 മുതൽ പാർട്ടിയിൽ സജീവമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച കാലത്ത് ഇ.എം.എസ്, നായനാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മടവൂർപ്പാറയിൽ ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്തത് അരവിന്ദന്റെ നേതൃത്വത്തിലായിരുന്നു.

പാർട്ടി പ്രവർത്തനത്തിൽ കാട്ടായിക്കോണം വി.ശ്രീധരനായിരുന്നു മാർഗദർശി. 1995 മുതൽ 2007 വരെയുള്ള 12 വർഷം (നാല് തവണ) കഴക്കൂട്ടം ഏരിയാ സെക്രട്ടറിയായിരുന്നു.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം, കഴക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റ്, കഴക്കൂട്ടം ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ, കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് , അയിരൂപ്പാറ ഫാർമേഴ്‌സ് ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷാദേവി (റിട്ട.സി.എ, ടൗൺ പ്ലാനിംഗ് ഓഫീസ്) മക്കൾ: ബോഷി (തോന്നയ്ക്കൽ എ.ജെ. കോളേജ് ), ജോഷി (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റലി ചാലഞ്ച്ഡ്‌ ,പാങ്ങപ്പാറ ) മരുമകൾ: ദീപ (അയിരൂപ്പാറ ഫാർമേഴ്‌സ് ബാങ്ക് )

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ, വി.ശിവൻകുട്ടി,കോലിയക്കോട് കൃഷ്ണൻ നായർ, മുൻ ഡെപ്യുട്ടി മേയർ ജയപ്രകാശ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.