നോട്ടുമാലയ്ക്കും ഷാളിനും കൊവിഡ് വിലക്ക്!
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികളെ സ്വീകരിക്കാൻ നോട്ടുമാലയ്ക്കും ഷാളിനും ഹാരത്തിനും ഇക്കുറി വിലക്ക്. കൊവിഡ് പശ്ചാത്തലത്തിലാണ് പരമ്പരാഗത സമ്പ്രദായങ്ങൾക്ക് വിലക്ക് വീണത്. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതോടെയാണ് ബൂത്ത് തോറും സ്ഥാനാർത്ഥികൾക്ക് സ്വീകരണ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.
ലഘുലേഖ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തി സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണം സജീവമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ബി. അബ്ദുൽ നാസർ അഭ്യർത്ഥിച്ചിരുന്നു. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വേണം നടത്താൻ. പൊതുയോഗങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ ഉപയോഗിക്കാം.
വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്ന സന്ദേശം സ്ഥാനാർത്ഥികൾ പൊതുജനങ്ങളിലേക്ക് എത്തിക്കണം. ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. സ്ഥാനാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവാകുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻ പ്രചാരണ രംഗത്തുനിന്ന് മാറിനിൽക്കണം. പിന്നീട് ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം മാത്രമേ പ്രചാരണത്തിൽ പങ്കെടുക്കാവൂ.