ഡെർബിയിൽ ബഗാൻ

Saturday 28 November 2020 1:46 AM IST

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ആദ്യമായി നടന്ന കൊൽക്കത്ത ഡെർബിയിൽ എ.ടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ രണ്ട് ഗോളിന് നവാഗതരായ ഈസ്റ്ര് ബംഗാളിനെ കീഴടക്കി. റോയ് കൃഷ്ണയും മൻവീർ സിംഗുമാണ് കൊൽക്കത്തയുടെ സ്കോറർമാർ. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. ഐ.എസ്.എല്ലിൽ തങ്ങളുടെ അരങ്ങേറ്ര മത്സരത്തിൽ ബാൾ പൊസഷനിലും പാസിംഗലുമെല്ലാം ഈസ്റ്ര് ബംഗാൾ തന്നെയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു. തുടക്കത്തിൽ ഈസ്റ്ര് ബംഗാളിന്റെ ആധിപത്യമായിരുന്നെങ്കിലും റോയ് കൃഷ്ണയും പ്രബീർ ദാസും താളം കണ്ടെത്തിയതോടെ എ.ടി.കെയും ട്രാക്കിലാവുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ 49-ാം മിനിട്ടിൽ റോയ് കൃഷ്ണയിലൂടെ ബഗാൻ ലീഡെടുത്തു. ജയേഷ് റാണയിൽ നിന്നാണ് ഗോളിന്റെ തുടക്കം. ജയേഷ് നൽകിയ പന്ത് ഹെർണാണ്ടസ് കൃഷ്ണയ്ക്ക് കൈമാറി.തടയാനെത്തിയ ഈസ്റ്റ്ബംഗാൾ ഡിഫൻഡറുടെ കാലുകൾക്കിടയിലൂടെ കൃഷ്ണ പന്ത് വലയ്ക്കകത്താക്കി. 85-ാം മിനിട്ടിൽ സോളോ ഗോളിലൂടെ മൻവീന്ദർ ബഗാന്റെ ലീഡുയർത്തി. ഇതോടെ കളിച്ച രണ്ട് മത്സരവും ജയിക്കാൻ ബഗാനായി.

ഐ.എസ്.എല്ലിൽ ഇന്ന്

ബംഗളൂരു - ഹൈദരാബാദ്

(രാത്രി 7.30 മുതൽ)​