നരേന്ദ്രൻ തന്ന പേരിലാണ് ഇന്നുംനിൽക്കാൻ കഴിയുന്നത്: മോഹൻലാൽ
തിരിഞ്ഞുനോക്കുമ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രനെ ഇപ്പോൾ എങ്ങനെ ഒാർക്കുന്നു?
മോഹൻലാൽ എന്ന നടനെപ്പറ്റി ആൾക്കാർ വിചാരിക്കുമ്പോഴും പറയുമ്പോഴും ആലോചിക്കുമ്പോഴും എഴുതുമ്പോഴും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനിലൂടെ കടന്നുപോവാറുണ്ട്.നരേന്ദ്രൻ എന്നെ സംബന്ധിച്ച് വലിയ കഥാപാത്രം തന്നെയാണ്. ആ കഥാപാത്രം നൽകിയ പേരിലാണ് ഇന്നും നിൽക്കാൻ കഴിയുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ആദ്യ ചിത്രത്തിലൂടെ നരേന്ദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ് ഞാൻ കടന്നുവന്നിരിക്കുന്നത്. തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ല. അയാൾ എന്റെ കൂടെത്തന്നെയുണ്ട്.
അഭിമുഖത്തിന് നവോദയിൽ പോയപ്പോൾ ആ വേഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
അങ്ങനെ ഒരു പ്രതീക്ഷയിലും ജീവിക്കുന്ന ആളല്ല.അന്നുമില്ല.ഇന്നുമില്ല. കിട്ടുമെന്നൊന്നും അറിയില്ലായിരുന്നല്ലോ... നമ്മുടെ സുഹൃത്തുക്കൾ എല്ലാവരും കൂടി ചെയ്ത ഒരു കാര്യമാണ്. വലിയ പ്രതീക്ഷയിലോ അല്ലെങ്കിൽ വലിയ ആഗ്രഹത്തിലോ ഒന്നുമല്ല ചെയ്തത്. അതു സംഭവിക്കുകയായിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലൻവേഷം അവതരിപ്പിച്ചാണ് തുടക്കം. നായകനാകണമെന്ന് ആഗ്രഹിച്ചിരുന്നോ?
അങ്ങനെ ഒരു ആഗ്രഹമോ തോന്നലോയില്ലായിരുന്നു. ആ സിനിമയിൽ ഒരു കഥാപാത്രം.അതിനുവേണ്ടിയാണല്ലോ വിളിക്കുന്നത്. എന്താണെന്ന് അവിടെ എത്തുമ്പോഴല്ലേ അറിയുന്നത്. വില്ലൻ വേഷം ചെയ്യാൻ ഒരാൾ എന്നല്ലല്ലോ. കുറെ കഥാപാത്രങ്ങളുണ്ടാവും. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. നമ്മളെ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ തിരഞ്ഞെടുക്കും.എന്നാൽ മറ്റുള്ളവരെയെല്ലാം അവർ നേരത്തേ തിരഞ്ഞെടുത്തിരുന്നു. നരേന്ദ്രനുവേണ്ടിയായിരുന്നു അവർ കാത്തിരുന്നത്.ഒരു നിയോഗം പോലെ അതു എന്റെ തലയിൽ വന്നു വീണു.അങ്ങനെയേ അത് ചിന്തിക്കാൻ പറ്റൂ.
ഫാസിൽ എന്ന സംവിധായകനെക്കുറിച്ച് എന്താണ് ഇപ്പോൾ പറയാനുള്ളത്?
എന്നിൽ ഒരു നടനുണ്ടെന്ന് തിരിച്ചറിയുകയും ഒരു കഥാപാത്രത്തെ കൊടുത്താൽ എന്റെ കൈയിൽ സുരക്ഷിതമായിരിക്കുമെന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടാവണമെങ്കിൽ തീർച്ചയായിട്ടും നല്ല ധാരണ വേണം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കഴിഞ്ഞു അദ്ദേഹത്തിന്റെ എത്രയോ സിനിമകളിൽ അഭിനയിച്ചു. അദ്ദേഹം എന്റെ സിനിമകളിലും അഭിനയിച്ചു. ലൂസിഫറിലും കുഞ്ഞാലിമരയ്ക്കാറിലും. ഒരു സ്റ്റോറി ടെല്ലറാണ് അദ്ദേഹം. സിനിമയുടെ ബൈബിളാണ് അദ്ദേഹം സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മലയാള സിനിമയിൽ ഒരു കാലഘട്ടത്തിലെ ഏറ്റവും വലിയ സംവിധായകനാണ്. ഇപ്പോഴും അദ്ദേഹം വലിയ സംവിധായകനാണ്.
നവോദയ അപ്പച്ചനെ ഒാർക്കുമ്പോൾ, പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാൻ കാട്ടിയ ധൈര്യത്തെയും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെയും എങ്ങനെ വിലയിരുത്തുന്നു?
ഹാപ്പനിംഗ് എന്നു കരുതാനാണ് ഇഷ്ടം. അഭിമുഖത്തിനായി എത്തിയ അന്നുമുതൽ അവസാന നിമിഷം കാണുന്നതുവരെയും എന്നോട് ഒരേ സ് നേഹം തന്നെയായിരുന്നു. പുത്രവാത്സല്യ ബന്ധം. അത്രമാത്രം എന്നെ ഇഷ്ടപ്പെട്ടിരുന്നു. ലാലു മോൻ എന്നാണ് വിളിച്ചത്.അദ്ദേഹത്തിന്റെ മകനും ഒക്കെ ലാലു മോൻ എന്നു വിളിച്ചു. അത്രമാത്രം സ് നേഹമുണ്ട്. ചിലപ്പോൾ ഒരുപക്ഷേ അപ്പച്ചൻസാർ എല്ലാം മുൻകൂട്ടി കണ്ടിട്ടുണ്ടാവാം. ഇങ്ങനെ ഒരാൾ അദ്ദേഹത്തിന്റെ സിനിമയിലൂടെ ഒരുപാട് ദൂരം സഞ്ചരിക്കുമെന്ന ധാരണയുണ്ടാവാം. അദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടാവും. മനസു കൊണ്ട് അദ്ദേഹം പ്രാർത്ഥിച്ചിട്ടുണ്ടാവാം.തീർച്ചയായിട്ടും ആ പ്രാർത്ഥനയും ഗുരുത്വവും എപ്പോഴും എന്റെ മനസിൽ ഉണ്ടാവട്ടെ.അതിനുവേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.
നാൽപ്പതുവർഷം പിന്നിടുമ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ പേരിൽ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കപ്പെടുമെന്ന് ചിന്തിച്ചിരുന്നോ?
അങ്ങനെ ഒരിക്കലും ചിന്തിക്കാൻ ആർക്കും കഴിയില്ല. ആ സിനിമയാണല്ലോ എന്റെ വഴിത്തിരിവ്. അതിൽ ചവിട്ടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. തിരിഞ്ഞുനോക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. തിരിഞ്ഞുനോക്കാതിരിക്കാൻ സാധിക്കട്ടെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എപ്പോഴും നല്ല കാര്യങ്ങളെപ്പറ്റി ചിന്തിക്കാനും പ്രവർത്തിക്കാനും തിരിഞ്ഞുനോക്കാനുമാണ് മനസിന് ഇഷ്ടം. അതിൽ ഏറ്റവും വലിയ നല്ല കാര്യമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ അഭിനയം. നരേന്ദ്രൻ എന്ന കഥാപാത്രത്തെ മാത്രമല്ല,ആ സിനിമയുടെ ഭാഗമായ എല്ലാവരെയും ഏറെ സ്നേഹത്തോടെ ഒാർക്കുന്നു.
അഭിനയജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി മുൻപോട്ട് പോവുന്നതല്ലേ ഊർജ്ജം പകരുക?
ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാവാം.അത് പല രീതിയിലാണ്. മനസിൽ സന്തോഷകരമാകുന്ന എല്ലാ കാര്യത്തെയും ഒാർത്തെടുക്കാം. അല്ലാത്തവയെ ഒാർത്തെടുക്കാതിരിക്കുന്നതാണ് നല്ലത്. അതാണ് ഞാൻ സ്വീകരിച്ചിരിക്കുന്ന പാത.