എല്ലാം പൂക്കോയ തങ്ങളെന്ന് ആവർത്തിച്ച് ഖമറുദ്ദീൻ
കാസർകോട് : ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം.സി.ഖമറുദ്ദീൻ എം.എൽ.എയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടു സ്ക്വാഡുകൾ കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യംചെയ്തു. നിരപരാധിയാണെന്നും ജുവലറിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ എം.ഡി പൂക്കോയ തങ്ങൾക്ക് മാത്രമേ അറിയാവൂവെന്നുമുള്ള മുൻനിലപാട് എം.എൽ.എ ആവർത്തിച്ചു.
രാഷ്ട്രീയമായ തിരക്കിനിടയിൽ ഇക്കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കാൻ സമയം കിട്ടിയില്ല. പണം തിരിമറി നടത്തി എല്ലാവരും ചേർന്ന് കുടുക്കുകയായിരുന്നെന്നും ഖമറുദ്ദീൻ മൊഴി നൽകി. പയ്യന്നൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 വഞ്ചനാ കേസുകളിലാണ് ഡിവൈ.എസ്.പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ഇന്നലെ ചെയ്തത്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത 10 കേസുകളിൽ സി. ഐ മധുസൂദനൻ നായരുടെ നേതൃത്വത്തിലും ചോദ്യം ചെയ്തിരുന്നു.
150 കേസുകൾ അന്വേഷിക്കാൻ അഞ്ചു സ്ക്വാഡ്
ജുവലറി തട്ടിപ്പിന് വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത നൂറ്റമ്പത് കേസുകൾ ക്രൈംബ്രാഞ്ചിന്റെ അഞ്ച് സ്ക്വാഡുകണാണ് അന്വേഷിക്കുന്നത്. കാസർകോട് എ.എസ്.പി വിവേക്‌കുമാർ, തൃശൂർ ഐ.ആർ ബറ്റാലിയൻ കമൻഡാന്റ് നവനീത് ശർമ, ഡിവൈ.എസ്.പി മാരായ പി.കെ.സുധാകരൻ (കാസർകോട്), കെ.ദാമോദരൻ (കണ്ണൂർ), എം.സുനിൽകുമാർ (കണ്ണൂർ ), സി.ഐ. മധുസൂദനൻ നായർ (കാസർകോട്) എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംഘങ്ങൾ.