സത്യം പുറത്ത് വരുമെന്ന് അറിയാമായിരുന്നു: ഉമ്മൻചാണ്ടി
ഹരിപ്പാട്: താൻ ദൈവവിശ്വാസി ആണെന്നും അതിനാൽ സത്യം ഒരിക്കൽ പുറത്തു വരുമെന്ന് അറിയാമായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ ഉണ്ടായതിനെതുടർന്ന് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേപ്പാട് പള്ളി പൊളിക്കുന്നതിനെതിരെ വിശ്വാസികൾ നടത്തിവരുന്ന നിരാഹാര സത്യഗ്രഹത്തിനു പിന്തുണ അറിയിക്കാൻ പള്ളിയിൽ എത്തിയതായിരുന്നു ഉമ്മൻചാണ്ടി. 'സത്യം എല്ലാവർക്കും അറിയാം. എനിക്കെതിരെ ആരോപണം വന്നപ്പോൾ അധികം ദുഃഖിച്ചിരുന്നില്ല. അതിനാൽ ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. ആരോപണങ്ങൾ തെറ്റാണെന്ന് ഒരുകാലത്ത് തെളിയുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. ആരോപണം ഉന്നയിച്ചവർക്കെതിരെ പ്രതികാരത്തിനില്ല. സോളാർ വിഷയത്തിൽ ഇനി ഒരന്വേഷണത്തിന് ഞാൻ ആവശ്യപ്പെടില്ല. സോളാർ വിവാദത്തിൽ സർക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ല. അന്വേഷണ കമ്മിഷനെ നിയോഗിച്ചപ്പോഴാണ് നഷ്ടമുണ്ടായത്' ഉമ്മൻചാണ്ടി പറഞ്ഞു.