ശബരിമലയിൽ കൂടുതൽ പേർക്ക് ദർശനം: നടപടി ഉടൻ
Saturday 28 November 2020 10:38 PM IST
ശബരിമല : ശബരിമലയിൽ കൂടുതൽ തീർത്ഥാടകർക്ക് ദർശനം അനുവദിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു പറഞ്ഞു. സന്നിധാനത്ത് മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകരുടെ എണ്ണം സർക്കാർ പ്രഖ്യാപിക്കും. മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തിൽ 13,529 പേരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്തവരിൽ കൊവിഡ് നെഗറ്റീവായ 1000 ഭക്തരെ മാത്രമാണ് ഇപ്പോൾ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ആരോഗ്യ വകുപ്പിനോടും പൊലീസ് ഡിപ്പാർട്ട്‌മെന്റിനോടും മറ്റ് വിദഗ്ദരോടും ആലോചിച്ചതിന് ശേഷം മാത്രമേ എത്ര പേരെ കൂടുതൽ അനുവദിക്കാനാകും എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. രണ്ടു കോടിക്ക് താഴെ മാത്രമാണ് ശബരിമലയിലെ ഇതുവരെയുള്ള വരുമാനം. സാധാരണ 50 കോടി വരെ വരുമാനം ലഭിക്കുന്ന സ്ഥാനത്താണിത്.