ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക ആരോപണം: പിന്നിൽ ഗണേശ് കുമാറെന്ന് മുൻ വിശ്വസ്‌തൻ
കൊല്ലം: ഉമ്മൻചാണ്ടിക്കെതിരെ സോളാർ പീഡനക്കേസിലെ പരാതിക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എയാണെന്ന് ഗണേശിന്റെ വിശ്വസ്‌തനായിരുന്ന കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. മനോജ് കുമാർ പറഞ്ഞു.
കേരള കോൺഗ്രസ് വിട്ട് കോൺഗ്രസിൽ ചേർന്ന മനോജ് പത്തനാപുരത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. ഇനിയെങ്കിലും തുറന്ന് പറയാതിരുന്നാൽ ദൈവദോഷം കിട്ടുമെന്ന ആമുഖത്തോടെ ആയിരുന്നു പ്രസംഗം.
2013 ജൂലായ് 7ന് പത്തനംതിട്ട ജില്ലാ ജയിലിൽ വച്ച് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ, ഗണേശ് കുമാറിന്റെ പി.എ പ്രദീപ് കുമാർ എന്നിവർക്ക് പരാതിക്കാരി കൈമാറിയ കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉണ്ടായിരുന്നില്ല. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ കണ്ടിരുന്നുവെന്ന് മാത്രമായിരുന്നു കത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ വച്ചാണ് താൻ കത്ത് കാണുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പരാതിക്കാരി പല തവണ കത്ത് വാങ്ങുകയും തിരികെ നൽകുകയും ചെയ്തിരുന്നു. ഈ സമയത്ത് എപ്പോഴെങ്കിലുമാകും ലൈംഗികാരോപണം എഴുതി ചേർത്തത്.
ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്നാണ് ഗണേശ് കുമാറിന് രാജിവയ്ക്കേണ്ടി വന്നത്. പാർട്ടിക്ക് വേണ്ടിയല്ല, പിതൃതുല്യനായ ഉമ്മൻചാണ്ടിക്ക് വേണ്ടിയാണ് രാജിയെന്ന നിലപാടിലായിരുന്നു അന്ന് ഗണേശ് കുമാർ. മന്ത്രിസഭയിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഗണേശിന്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ ആ സാദ്ധ്യത ഇല്ലാതായി. അതോടെയാണ് ഉമ്മൻചാണ്ടിക്കെതിരെ ഗണേശ് തിരിഞ്ഞത്.
ഗണേശുമായി ആത്മബന്ധമുണ്ടെന്ന് സോളാർ കേസിലെ ഇര തന്നോട് പറഞ്ഞിട്ടുണ്ട്. ഗണേശും ബാലകൃഷ്ണപിള്ളയും സോളാർ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതിനാലാണ് ഇടപെട്ടത്. സർക്കാർ താഴെ വീഴാതിരിക്കാൻ നീ അതിൽ ഇടപെടണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. താനുമായി അവർക്ക് അടുപ്പമുള്ളതിനാൽ ജയിലിൽ ആദ്യമായി പറയുന്നത് തന്റെ പേരായിരിക്കുമെന്നും അത് ഒഴിവാക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടു. ജയിലിൽ നിന്നിറങ്ങിയ അവർക്കും കുടുംബത്തിനും തിരുവനന്തപുരത്ത് അബ്ദുൽ ലത്തീഫിന്റെ വീട് വാടകയ്ക്ക് എടുത്ത് നൽകിയത് താനാണെന്നും മനോജ് കുമാർ പറഞ്ഞു.
ഇരയുടെ കത്തിൽ കത്തിൽ ആരോപണം നേരിടുന്ന പലരും നിരപരാധികളാണ്. എല്ലാവരും നിരപരാധികളാണെന്ന് പറയാനാകില്ല. തിരഞ്ഞെടുപ്പിന് ശേഷം വിശദമായി പറയാം. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗണേശിനും പി.എ പ്രദീപ് കുമാറിനും നീതി ലഭിച്ചില്ലെന്നും മനോജ് പറഞ്ഞു.