മഞ്ചേരിയിൽ പോരിന് വീറേറും

Sunday 29 November 2020 12:02 AM IST

22 വാർഡുകളിൽ ത്രികോണ മത്സരം

മഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ മഞ്ചേരി നഗരസഭയിലെ പകുതിയോളം വാർഡുകളിലും ത്രികോണമത്സരം ഉറപ്പായി. 22 വാർഡുകളിലാണ് മൂന്ന് പാർട്ടികൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നത്. ആറു വാർഡുകളിൽ മൂന്നിലേറെ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 22 വാർഡുകളിലായാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടുന്നത് .ഇവർക്കൊപ്പം ചില വാർഡുകളിൽ എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവരുടെ സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ആറു വാർഡുകളിൽ ചതുഷ്‌കോണ മത്സരമാണ്. ഒരു മുന്നണികളുടെയും പിന്തുണയില്ലാതെ 27 സ്വതന്ത്ര സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.18 വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരെയാണ് മത്സരരംഗത്തിറക്കിയത്. നാലു വാർഡുകളിൽ പൊതു സ്വതന്ത്രരെയും എൽ.ഡി.എഫ് പിന്തുണയ്ക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ മൂന്നുസീറ്റുകളിലും കോൺഗ്രസിന്റെ ഒരു സീറ്റിലുമായി യുഡിഎഫ് നാല് സ്വതന്ത്രരെ പിന്തുണയ്ക്കുന്നു. ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുടെ മത്സരവേദിയാകുന്നത് നഗരസഭയിലെ പതിനാറാം വാർഡായ കിഴക്കേത്തലയും ഇരുപത്തിയൊന്നാം വാർഡായ താമരശ്ശേരിയുമാണ് . കിഴക്കേത്തല വാർഡിൽ ആറു സ്ഥാനാർത്ഥികളും താമരശ്ശേരി വാർഡിൽ 5 സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുളളത്. സമാനമായ പേരിലും വിളിപ്പേരിലും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുവെന്ന പ്രത്യേകതയും കിഴക്കേത്തല വാർഡിലുണ്ട്.