ഷിബു ചക്രവർത്തിയുടെ സഹോദരീ ഭർത്താവ് മുങ്ങിമരിച്ചു

Saturday 28 November 2020 11:04 PM IST
  • സംഭവം ചാലക്കുടി പിള്ളപ്പാറ വഞ്ചിക്കടവിൽ

ചാലക്കുടി: ചാലക്കുടിപ്പുഴയിലെ പിള്ളപ്പാറ വഞ്ചിക്കടവിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. വൈറ്റില ചളിക്കവട്ടം ദീപം ലൈനിൽ കോമ്പാറവീട്ടിൽ കെ.ജി. അനിൽകുമാറാണ് (59) മരിച്ചത്. ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ സഹോദരി ഡോ. ഷീലയാണ് ഭാര്യ. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

ഷിബു ചക്രവർത്തിയടക്കം മൂന്ന് കുടുംബങ്ങളാണ് വിനോദയാത്രയ്ക്ക് എത്തിയത്. കുളിക്കുന്നതിനിടെ പുഴയിലെ വെള്ളം കൂടുതലുള്ള ഭാഗത്തേക്ക് നീങ്ങിയ അനിൽകുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പരിസരവാസികൾ ഉടൻ തെരച്ചിൽ ആരംഭിച്ചു. അതിരപ്പിള്ളി പൊലീസും ചാലക്കുടിയിൽ നിന്നും ഫയർഫോഴ്‌സും വൈകാതെ എത്തിച്ചേർന്നു. ഒരു മണിക്കൂറിനുശേഷം തൊട്ടടുത്ത കയത്തിൽനിന്നും അനിൽകുമാറിനെ കണ്ടെത്തി കരയ്ക്ക് കയറ്റിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. മകൾ: സജന.