പ്രകാശം പരത്തി പത്മനാഭന്റെ 91ാം ജന്മദീപം

Sunday 29 November 2020 1:07 AM IST

പയ്യന്നൂർ: മലയാളത്തിൽ കഥയുടെ പ്രകാശം പരത്തിയ ടി.പത്മനാഭന്റെ 91ാം പിറന്നാളായിരുന്നു ഇന്നലെ. സ്വയം ആഘോഷിക്കുന്ന പതിവില്ലാത്ത അദ്ദേഹം കൃഷ്ണാനന്ദ ഭാരതിയുടെ ക്ഷണം സ്വീകരിച്ച് പതിവുപോലെ പോത്താങ്കണ്ടം ആനന്ദ ഭവനത്തിലായിരുന്നു ജന്മനാളിൽ. കൃഷ്ണാനന്ദ ഭാരതി എല്ലാം ഒരുക്കിവച്ചിരുന്നു.

ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് ആഘോഷം തുടങ്ങിയത്. തുടർന്ന് ജന്മദീപം തെളിയിച്ചു.

ഡോ. എം. എം.ശ്രീധരൻ, അഡ്വ..ശശി വട്ടക്കൊവ്വൽ, ഇല്ലിക്കെട്ട് നമ്പൂതിരി, ഡോ. ഇ.ശ്രീധരൻ, രഞ്ജിത് സർക്കാർ എന്നിവരും ഉണ്ടായിരുന്നു. ഷഷ്ടിപൂർത്തിയും സപ്തതിയും അശീതിയും നവതിയും ഒന്നും ആഘോഷമാക്കിയിട്ടില്ല പത്മനാഭൻ. കൃഷ്ണാനന്ദഭാരതിയുടെ സ്നേഹ നിർബന്ധത്തിനു വഴങ്ങി പിറന്നാൾ ആഘോഷിക്കാൻ തയ്യാറായതാണ്.

'മനുഷ്യബന്ധങ്ങളുടെ തീവ്രതയും സ്‌നേഹവും ജീവിതകാമനകളും പ്രണയങ്ങളും അദ്ദേഹം കഥകളിൽ അതിമനോഹരമായി ആവാഹിച്ചു. ചന്ദനവിശുദ്ധിയോടെ ജീവിത മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്ന കഥകളിൽ പത്മനാഭന്റെ മാത്രം ഭാഷ നിലാവും മഴവില്ലും പോലെ ലയിച്ചു ചേർന്നു. തന്റേതാണ് ഏറ്റവും മികച്ച കഥകളെന്ന വല്ലാത്ത ആത്മവിശ്വാസം പത്മനാഭൻ എന്ന എഴുത്തുകാരന്റെ പ്രത്യേതകയായിരുന്നു.ആ വാശിയിൽ തന്നെയാണ് അദ്ദേഹം എന്നും എഴുതിയതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പിറന്നാൾ സദ്യയ്ക്ക് ശേഷം ഉസ്താദ് റഫീഖ് ഖാന്റെ സിത്താർ വാദനവും സദനം കൃഷ്ണൻ കുട്ടിയും സംഘവും ഒരുക്കിയ നളചരിതം ഒന്നാം ദിവസവും അരങ്ങേറി.