അഴിമതി കണ്ടെത്തുമ്പോൾ അന്വേഷണ ഏജൻസികൾക്കെതിരെ ധനമന്ത്രി എന്തിനാണ് ഉറഞ്ഞുതുള്ളുന്നത്? കെഎസ്എഫ്ഇ ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

Sunday 29 November 2020 9:36 AM IST

കോഴിക്കോട്:കെഎസ്എഫ്ഇയിലെ ഇടപാടുകളെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അഴിമതി കണ്ടെത്തുമ്പോൾ അന്വേഷണ ഏജൻസികൾക്കെതിരെ ധനമന്ത്രി തോമസ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.തന്റെ വകുപ്പിലെ അഴിമതികൾ ആരും അന്വേഷിക്കരുതെന്നാണ് ഐസക്കിൻറെ നിലപാട്. മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെയാണ് ധനമന്ത്രിയുടെ ആരോപണം. മുഖ്യമന്ത്രി മറുപടി പറയണം.


റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്നാണ് ഐസക് പറഞ്ഞത്.മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസെന്ന് ഐസക് ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം സോളാർ അരോപണത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെടില്ലെന്നും, സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.