ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിൽ പൊലീസ് നിർബന്ധം

Monday 30 November 2020 12:00 AM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ താലൂക്ക് തലത്തിൽ രൂപീകരിച്ചിട്ടുള്ള ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിൽ പൊലീസ് ഓഫീസർമാരെ ഉൾപ്പെടുത്താത്ത ജില്ലകൾ ഉണ്ടെങ്കിൽ അത്തരം ജില്ലകളിലെ ഓരോ സ്‌ക്വാഡിലും കുറഞ്ഞത് ഒരു പൊലീസ് ഓഫീസറെ നിയോഗിച്ച് പ്രവർത്തനം കാര്യക്ഷമമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവികളുമായി കൂടിയാലോചിച്ച് അടിയന്തര നടപടി എടുക്കണം.
സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും നിയമപരമല്ലാത്തവ നിർത്തിവയ്പ്പിക്കുന്നതിനും അനധികൃതമായി സ്ഥാപിക്കുന്ന പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കണം. പ്രചാരണത്തിൽ ഫ്ലക്‌സ്, പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.