തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത,  2ന് ഇടുക്കിയിൽ റെഡ് അലർട്ട്

Sunday 29 November 2020 11:21 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് നാളെ മുതൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ന്യൂനമർദ്ദം നാളെയോടെ അതിതീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് ഇത് അറബിക്കടലിലേക്ക് നീങ്ങും. ഇടുക്കി,​തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അതിതീവ്രമഴ കണക്കിലെടുത്ത് ഡിസം.2ന് ഇടുക്കി ജില്ലയിൽ റെഡ് അലർട്ടും നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 2ന് ഇടുക്കിയൊഴിച്ചുള്ള ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ മുതൽ കേരള തീരത്തെ കടൽ അതി പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചിട്ടുണ്ട്. 3നുശേഷം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിനും സാധ്യതയുണ്ട്.