എഫ്.ഡി.ഐയിൽ പുത്തനുണർവ്

Monday 30 November 2020 3:20 AM IST

മുംബയ്: കൊവിഡ് കാലത്തും വിദേശ നിക്ഷേപകരുടെ പ്രിയ താവളമായി തിളങ്ങി ഇന്ത്യ. നടപ്പുവർഷം ജൂലായ്-സെപ്‌തംബറിൽ 2,810 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് (എഫ്.ഡി.ഐ) ഇന്ത്യ നേടിയത്. മുൻവ‌ർഷത്തെ സമാനകാലത്ത് ഇത് 1,406 കോടി ഡോളറായിരുന്നു.

നടപ്പുവർഷത്തെ ആദ്യ ആറുമാസക്കാലത്ത് 15 ശതമാനം വളർച്ചയോടെ 3,000 കോടി ഡോളറാണ് ഇന്ത്യ നേടിയ എഫ്.ഡി.ഐ. സിംഗപ്പൂരാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പണമൊഴുക്കിയത്. മൗറീഷ്യസിനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി അമേരിക്ക രണ്ടാമതും കേമാൻ ഐലൻഡ്‌സ് മൂന്നാമതുമെത്തി. നെതർലൻഡ്സ് അഞ്ചാമതും ബ്രിട്ടൻ ആറാമതുമാണ്.

കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് സോഫ്‌റ്റ്‌വെയർ, സേവനം, വ്യാപാരം, കെമിക്കൽ, ഓട്ടോമൊബൈൽ, നിർമ്മാണം, മരുന്ന് നിർമ്മാണം എന്നിവയാണ് ഏറ്റവുമധികം എഫ്.ഡി.ഐ സ്വന്തമാക്കിയ മേഖലകൾ.

വിദേശ നിക്ഷേപകരുടെ ഇഷ്‌ടസംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്ത് ഗുജറാത്താണ്. മഹാരാഷ്‌ട്രയിൽ നിന്ന് ആ സ്ഥാനം ഗുജറാത്ത് പിടിച്ചെടുക്കുകയായിരുന്നു. മഹാരാഷ്‌ട്ര മൂന്നാമതാണിപ്പോൾ. കർണാടകയ്ക്കാണ് രണ്ടാംസ്ഥാനം.