വിശ്വാസ്യതയുളള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നത്; കെ എസ് എഫ് ഇ റെയ്‌ഡിൽ അതൃപ്‌തി അറിയിച്ച് സി പി ഐ

Monday 30 November 2020 9:01 AM IST

തിരുവനന്തപുരം: കെ എസ് എഫ് ഇ റെയ്‌ഡിൽ കടുത്ത അതൃപ്‌തി അറിയിച്ച് സി പി ഐ. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സി പി ഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുളള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സി പി ഐ വ്യക്തമാക്കുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ സാമ്പത്തിക കുറ്റവാളികളോട് എന്നപോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സി പി ഐ അഭിപ്രായപ്പെടുന്നു.

റെയ്ഡിൽ സി പി എമ്മിൽ തന്നെ അതൃപ്‌തി പുകയുന്നതിനിടെയാണ് സി പി ഐയുടെ പ്രതികരണം. അതിനിടെ, റെയ്ഡ് വിവാദം സി പി എം ഇന്ന് ചർച്ച ചെയ്യും. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പരസ്യനിലപാട് എടുത്തിരുന്നു. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.