ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമാകും; തെക്കൻ ജില്ലകളിൽ കനത്തമഴയ്‌ക്ക് സാദ്ധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ അതിതീവ്രന്യൂനമർദ്ദമായി മാറിയേക്കും. ബുധനാഴ്‌ചയോടെ ശ്രീലങ്ക വഴി കന്യാകുമാരി തീരത്തിലൂടെ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ന്യൂനമർദ്ദം കേരളത്തിലെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്‌ക്ക് ഇടയാക്കിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റും മഴയും പ്രവചിച്ചതോടെ തെക്കൻ ജില്ലകളിൽ പ്രതിരോധം ശക്തമാക്കി. സംസ്ഥാനത്ത് കടൽ പ്രക്ഷുബ്‌ദമായിരിക്കും എന്നതിനാൽ മത്സ്യബന്ധനം വിലക്കി. ഡിസംബർ രണ്ടിനും നാലിനുമിടയിലാണ് കേരളത്തിലെ കടൽ പ്രക്ഷുബ്‌ദമായിരിക്കുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും, പത്തനംതിട്ടയിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.കേരള തീരത്ത് എഴുപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പുളളത്.